മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി പോയത് വിവാഹവിരുന്നിന്

മുത്തലാഖ് ബില്‍ ലോക്‌സഭായില്‍ വോട്ടിനിടുമ്പോള്‍ സഭയില്‍ എത്താതിരുന്ന മുസ്ലീംലീഗ് അഖിലേന്ത്യേ ജന. സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പിക്കെതിരെ പ്രതിഷേധം ശക്തം. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്ന നിര്‍ണ്ണായക ബില്ലിന്മേലുള്ള ചര്‍ച്ച നടക്കവേ മലപ്പുറം തിരൂരിലെ വ്യവസായ പ്രമുഖന്റെ വീട്ടില്‍ കല്ല്യാണത്തിലായിരുന്നു എം പി.

മുസ്ലീം സമുദായത്തിനെതിരെ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരിനിയമമെന്ന് വിലയിരുത്തപ്പെടുന്ന മുത്തലാഖ് ബില്ലിനെതിരെ ശക്തമായ നിലപാട് കൈകൊള്ളേണ്ട സമയത്താണ് നേതാവ് വിവാഹ ചടങ്ങില്‍ നിറഞ്ഞു നിന്നത്. ഒരാഴ്ചമുമ്പ് തന്നെ ബില്ലിന്മേല്‍ വ്യാഴാഴ്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമെന്ന അറിയിപ്പുണ്ടായിട്ടും കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താത്തത് നിരുത്തരാവദപരമാണെന്ന് പാര്‍ട്ടിക്കുള്ളിലും വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. നേരത്തെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു വേളയിലും കുഞ്ഞാലിക്കുട്ടി പങ്കെടുത്തിരുന്നില്ല. വിമാനം വൈകി എന്നായിരുന്നു അന്ന് വിശദീകരണം.

കേന്ദ്രത്തിലെ സംഘ്പരിവാര്‍ ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പൊരുതുമെന്ന് പറഞ്ഞ് മലപ്പുറത്ത് നിന്ന് വന്‍ഭൂരിപക്ഷത്തോടെ പാര്‍ലിമെന്റിലെത്തിയ കുഞ്ഞാലിക്കുട്ടി സമുദായവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിഷയങ്ങല്‍ വരുമ്പോള്‍ മലക്കം മറിയുന്ന സ്ഥിതിവിശേഷം ലീഗ് അണികളില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ എം പിയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനങ്ങളും ട്രോളുകളുമാണ് പ്രവഹിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിതന്നെ എതിരാളികള്‍ക്ക് ആക്രമണത്തിന് അവസരമുണ്ടാക്കി കൊടുക്കരുതായിരുന്നുവെന്ന് ലീഗിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. മുത്തലാഖ് മുന്‍നിര്‍ത്തി മുസ്ലീം സമുദായത്തെ കടന്നാക്രമിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ശ്രമിക്കമ്പോള്‍ പ്രതിരോധത്തിന്റെ ശബ്ദം മുഴക്കേണ്ടതിനു പകരം നാട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഉല്ലസിക്കുന്ന എം പി യുടെ സമുദായത്തെ വഞ്ചിച്ചിരിക്കയാണെന്ന് വിവിധ ഇസ്ലാം മത സംഘടനകള്‍ ആരോപിച്ചു.

സിവില്‍ കുറ്റമായ മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കി മാറ്റി മൂന്നു വര്‍ഷം തടവുശിക്ഷ നല്‍കാന്‍ വ്യവസ്ഥ നല്‍കുന്നതാണ് പുതിയ ബില്‍. ഇത് സംബന്ധിച്ച് 2018 സെപ്തംബറില്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനു പകരമായി ഡിസംബര്‍ 17ന് ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലാണ് കഴിഞ്ഞ ദിവസം വോട്ടെടുപ്പിലൂടെ പാസ്സാക്കായിത്. 245 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 11 പേര്‍ എതിര്‍ത്തു. എന്‍ കെ പ്രേമചന്ദ്രനും ഇടി മുഹമ്മദ് ബഷീറുമാണ് കേരളത്തില്‍ നിന്ന് ബില്ലില്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ്സ് എം പി മാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചപ്പോള്‍ ചില പ്രതിപക്ഷപാര്‍ട്ടി എം പി മാര്‍ ബില്ലിനെതിരെ വോട്ട് ചെയ്തു. വോട്ടെടുപ്പ് ബഹിഷികരിക്കാന്‍ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടെങ്കിലും പ്രേമചന്ദ്രനും ബഷീറും അതിനു തയ്യാറാകാതിരുന്നതോടെ മുത്തലാഖ് സംബന്ധിച്ച് യു ഡി എഫില്‍ ഭിന്നത മറനീക്കി.

മുസ്ലീംലീഗിന്റെ സമുന്നത നേതാവെന്ന നിലയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തേണ്ട കുഞ്ഞാലിക്കുട്ടി സഭയില്‍ ഇല്ലാതിരുന്നതാണ് ഈ അനൈക്യത്തിന് കാരണമെന്നും പറയുന്നു. വരും ദിവസങ്ങളില്‍ കുഞ്ഞാലിക്കുട്ടിയുടെ നടപടി ലീഗിനുളളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടനല്‍കുമനെന്ന് ഉറപ്പായിട്ടുണ്ട്. ബില്‍ വലിയ ഭൂരിപക്ഷത്തോടെ പാസ്സാക്കാന്‍ ബി ജെ പി ക്കും കൂട്ടാളികള്‍ക്കും കഴിയുമെങ്കിലും പ്രതിഷേധിക്കാനും പ്രതിപക്ഷകൂട്ടായ്മ ശക്തമാക്കാനുമുള്ള സുവര്‍ണ്ണാവസരമാണ് കുഞ്ഞാലിക്കൂട്ടി വീണ്ടും കളഞ്ഞ് കുളിച്ചതെന്ന് ലീഗിനുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. സംഭവം വിവാദമായിട്ടും പല മുതിര്‍ന്ന ലീഗ് നേതാക്കളും കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ച് പ്രതികരണത്തിന് തയ്യാറാകാത്തത് ഇതിന് ഉദാഹരണമാണ്.

വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമമാക്കുമെന്നാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പ്രതികിരിച്ചത്. നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ പാര്‍ലിമെന്റിലെത്താതെ വന്‍ പണച്ചാക്കുകള്‍ പങ്കെടുത്ത കല്ല്യാണത്തില്‍ പങ്കെടുക്കുക വഴി കുഞ്ഞാലിക്കുട്ടി മുസ്ലീം സമുദായത്തെ മൊത്തത്തില്‍ ഒറ്റുകൊടുക്കുകയാണുണ്ടായതെന്ന് പല സമുദായ സംഘടനകള്‍ക്കും അഭിപ്രായമുണ്ട്. വളരെ നിസ്സാരമായാണ് മുത്തലാഖുപോലുള്ള സുപ്രധാന വിഷയത്തെ ലീഗ് അഖിലേന്ത്യാ ജന: സെക്രട്ടറി കണ്ടെതെന്നുള്ള ഗൗരവതരമായ വിമര്‍ശനവും ശക്തമാണ്.

അതേസമയം മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണം വസ്തുതാപരമായി ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുത്തലാഖ് ബില്‍ രണ്ടാം വട്ടം ലോക്സഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം ബഹിഷ്‌കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ താനും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അതിനാലാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ താന്‍ ഹാജരാവാതിരുന്നേതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം ആത്്്മാര്‍ത്ഥിയില്ലാ്ത്തതാണെന്നും വീണിടത്ത് കിടന്ന്് ഉരുളലാണെന്നുമാണ് പല സമൂദായനേതാക്കളും അടക്കം പറയന്നത്. സമസ്തയടക്കമുള്ള പല സംഘടനാ നേതാക്കളും ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു.