സുപ്രീംകോടതി വിധിയാണ് വനിതാ മതിലിന് ആധാരമെന്ന് മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: വനിതാ മതില്‍ രാജ്യത്തിന് മാതൃകയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. എന്‍ എസ് എസ് നേതൃത്വം മാത്രമേ വനിതാ മതിലില്‍ നിന്ന് വിട്ടു നില്‍ക്കുന്നുള്ളൂവെന്നും അംഗങ്ങള്‍ മതിലിനൊപ്പമുണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ശബരിമലയിലെ സുപ്രീംകോടതി വിധിയും പിന്നീടുണ്ടായ സംഭവങ്ങളുമാണ് വനിതാ മതിലിന് ആധാരമെന്നും ഹിന്ദു ഐക്യം പറഞ്ഞ് ബിജെപി ജനങ്ങളെ തമ്മിലടിപ്പിച്ചുവെന്നും ബിജെപിയുടെ പ്രചാരവേല പരാജയപ്പെട്ടുവെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

വനിതാ മതിലിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. വനിതാമതില്‍ വര്‍ഗീയമതിലാണെന്ന ചെന്നിത്തലയുടെ പരാമര്‍ശം പരിഭ്രാന്തി കൊണ്ടാണെന്നും വനിതാ മതിലിന് നിമിത്തമായത് ശബരിമല വിഷയമാണെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

എന്‍എസ്എസ് അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളും മതിലിന്റെ ഭാഗമാകുമെന്നും വിശ്വാസത്തിന്റെ മറപിടിച്ച് സ്ത്രീകളെ അവഹേളിക്കുവാനാണ് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്നും വനിതാ മതില്‍ സവര്‍ണ അവര്‍ണ്ണ വേര്‍ത്തിരിവ് ഉണ്ടാക്കുന്നു എന്നത് വിമര്‍ശനം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു