മദ്യലഹരിയിലായിരുന്ന യുവതി തിരിച്ചെത്തിയില്ല: സ്റ്റേഷനിലെത്തപ്പെട്ട കുഞ്ഞിന് പൊലീസിന്റെ സ്നേഹമാധുര്യം

ഹൈദരാബാദ്: പുതുവർഷ ദിനത്തില്‍ സ്നേഹത്തിന്റെയും കരുതലിന്റെയും കരസ്പര്‍ശമണിഞ്ഞ് ഹൈദരാബാദ് പൊലീസ്. നവജാതശിശുവിനെ നോക്കാനേൽപ്പിച്ച മദ്യലഹരിയിലായിരുന്ന യുവതി തിരിച്ചുവരാത്തതിനെ തുടർന്നു സ്റ്റേഷനിലെത്തപ്പെട്ട കുഞ്ഞിനാണു പൊലീസിന്റെ സ്നേഹമാധുര്യം ലഭിച്ചത്. നഷ്ടപ്പെട്ടെന്നു കരുതിയ കുഞ്ഞിനെ അമ്മയെ തിരിച്ചേൽപിച്ചാണു പൊലീസ് തങ്ങളുെടെ ദൗത്യം പൂര്‍ത്തീകരിച്ചത്.

പൊലീസ് ദമ്പതിമാരായ എം രവീന്ദറും പ്രിയങ്കയുമാണ് ഇപ്പോൾ ഹൈദരാബാദിലെ താരങ്ങൾ. ഒസ്മാനിയ ജനറൽ ആശുപത്രിയിൽ ഞായറാഴ്ച രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി എത്തിയതായിരുന്നു യുവതി. അത്യാവശ്യകാര്യത്തിനു പുറത്തേക്കു പോകാനായി യുവതി കുഞ്ഞിനെ സമീപം കണ്ടൊരാളെ ഏൽപിച്ചു. യുവതി മദ്യലഹരിയിൽ ആയിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. യുവതി മടങ്ങിവരാൻ സമയമെടുത്തപ്പോൾ കുഞ്ഞുമായി ഇയാൾ സ്വന്തം വീട്ടിലേക്കു പോയി. വിശപ്പു സഹിക്കാതെ കുഞ്ഞ് കരച്ചിൽ തുടങ്ങി. കുഞ്ഞിനെ വീട്ടിലെത്തിച്ച കാര്യം സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇയാൾ അറിയിച്ചു. അവരെത്തിയാണ് കുഞ്ഞിനെ രാത്രിയിൽ അഫ്സൽഗുഞ്ജ് പൊലീസ് സ്റ്റേഷനിൽ എൽപ്പിച്ചു.
കോൺസ്റ്റബിൾ എം രവീന്ദ്രനായിരുന്നു ഡ്യൂ‍ട്ടിയിൽ ഉണ്ടായിരുന്നത്. കരയുന്ന പിഞ്ചുകുഞ്ഞിനെ എത്തിച്ച കാര്യം കോൺസ്റ്റബിളായ ഭാര്യ പ്രിയങ്കയെ അറിയിച്ചു. പ്രസവാവധിയിൽ വീട്ടിലായിരുന്നു പ്രിയങ്ക. രാത്രിയിൽ ഭർത്താവിന്റെ ഫോൺ കിട്ടിയപാടെ കാർ വിളിച്ചു സ്റ്റേഷനിലെത്തി കുഞ്ഞിനെ പാലൂട്ടി.
‘പിഞ്ചോമനയുടെ അമ്മയാണു ഞാനും. വിശന്നുവലഞ്ഞു കരയുന്ന കുഞ്ഞിന്റെ കരച്ചിൽ എനിക്കു മനസ്സിലാകും. കാറിൽ വളരെ പെട്ടെന്നു സ്റ്റേഷനിലെത്തി മുലയൂട്ടിയപ്പോഴാണ് ആ കുഞ്ഞ് കരച്ചിലടക്കിയത്’– പ്രിയങ്ക പറഞ്ഞു. പിന്നീടു കുഞ്ഞിനെ പെറ്റ്ലാബർസിലെ സർക്കാർ ആശുപത്രിക്കു കൈമാറി.
ഇതിനിടെ കുഞ്ഞിന്റെ അമ്മയെ കണ്ടുപിടിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിരുന്നു. തിരച്ചിലിനിടെ, ചഞ്ചൽഗുഡ പ്രദേശത്ത് ഒരു സ്ത്രീ കരഞ്ഞുനടക്കുന്നതു ശ്രദ്ധയിൽപെട്ടു. ഇവരോടു കാര്യങ്ങൾ തിരക്കി. നോക്കാനേൽപിച്ച തന്റെ കുഞ്ഞിനെ ഒരാൾ കൊണ്ടുപോയതായി ഇവർ സങ്കടത്തോടെ പറഞ്ഞു. കുഞ്ഞ് തന്റേതാണെന്ന് ഇവർ സ്ഥിരീകരിച്ചു. തെളിവുകളും വസ്തുതകളും പരിശോധിച്ചുറപ്പാക്കിയ പൊലീസ് കുഞ്ഞിനെ അമ്മയ്ക്കു കൈമാറി. സംഭവമറിഞ്ഞ പൊലീസ് ഉന്നതർ കോൺസ്റ്റബിൾ ദമ്പതിമാരെ അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ