ശബരിമല വിഷയം : ജഡ്ജിയുടെ വിയോജനക്കുറിപ്പ് ശ്രദ്ധിച്ച്‌ വായിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നും  കൂട്ടത്തില്‍ വനിതാ ജഡ്ജിയുടെ വിയോജനക്കുറിപ്പ് ശ്രദ്ധിച്ച്‌ വായിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.ചില ക്ഷേത്രങ്ങള്‍ക്ക് തനതായ ആചാരങ്ങളുണ്ട്. പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുണ്ട്.

ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിയിൽ  പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.  മുത്തലാഖും ശബരിമലയും രണ്ടും രണ്ട് വിഷയങ്ങളാണ്. ലിംഗസമത്വവും സാമൂഹ്യനീതിയും പാലിക്കാനാണ് മുത്തലാഖ് ഓര്‍ഡിനന്‍സ് ബില്ല് കൊണ്ടുവന്നത്. മതവുമായി കൂട്ടിച്ചേര്‍ക്കണ്ട വിഷയമല്ല. സുപ്രീം കോടതി വിധിക്കു ശേഷമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതെന്നും ഒരു വാർത്ത ഏജൻസിക്കുനൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിധി പുറത്തു വന്ന ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിക്കുന്നത്.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയായ ശേഷമേ ഓര്‍ഡിനന്‍സ് ഇറക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പ്രശ്‌നപരിഹാരം കാണാനാണ് ശ്രമിക്കുന്നത്. അയോധ്യ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു ഓര്‍ഡിനന്‍സിനെക്കുറിച്ച്‌ ആലോചിക്കുന്നില്ല. നിയമനടപടികള്‍ പൂര്‍ത്തിയായ ശേഷം സര്‍ക്കാരിന്റെ ഉത്തരവാദിത്വം എന്താണോ അത് ചെയ്യും

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ