ചരിത്രം കുറിച്ച് യുവതികള്‍ ശബരിമല ദര്‍ശനം നടത്തി

ചരിത്രമെഴുതി യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചു. കനക ദുര്‍ഗ, ബിന്ദു എന്നിവരാണ് ശബരിമലയില്‍ പ്രവേശിച്ചത്. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. നേരത്തെ തടസ്സങ്ങളുള്ളതുകൊണ്ടാണ് യുവതികള്‍ കയറാതിരുന്നത്. എന്നാല്‍ ഇന്നലെ തടസ്സങ്ങള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് യുവതികള്‍ കയറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നേരത്തെ ബിജെപി ആര്‍എസ്എസ് അക്രമികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ദര്‍ശനത്തിനെത്തി മടങ്ങിപ്പോകേണ്ടിവന്നവരാണ് കനക ദുര്‍ഗ, ബിന്ദു എന്നിവര്‍. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കൂടി പമ്ബയില്‍ നിന്നും മുകളിലേക്ക് കയറി ഇവര്‍ 3 45 ഓടുകൂടിയാണ് തൊഴുത് നാലരയോടെ കൂടി മടങ്ങുകയായിരുന്നു. തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസറാണ് ബിന്ദു, സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജറാണ് കനകദുര്‍ഗ്ഗ.

യുവതികള്‍ ശബരമല ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് പലയിടത്തും സംഘര്‍ഷവും പ്രതിഷേധവും ഉണ്ടായി. നാളെ സംസ്ഥാന വ്യാപകമായി ശബരിമല കര്‍മ്മ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയും ഹര്‍ത്താല്‍ പിന്തുണ അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.

അതേസമയം, സ്ത്രീവേഷത്തില്‍ തന്നെയാണ് ശബരിമല ദര്‍ശനം നടത്തിയതെന്നും പതിനെട്ടാം പടി കയറിയില്ലെന്നും ശബരിമല ദര്‍ശനം നടത്തിയതെന്നും ദര്‍ശനം നടത്തിയ യുവതികളിലൊരാളായ ബിന്ദു പ്രതികരിച്ചു. പമ്പയില്‍ എത്തിയ ശേഷമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും അതനുസരിച്ച് പൊലീസ് സംരക്ഷണം നല്‍കിയെന്നും അവര്‍ പറഞ്ഞു.

നിലയ്ക്കലെത്തിയാല്‍ പോകാമെന്ന് മുന്നേ സര്‍ക്കാര്‍ വാക്ക് നല്‍കിയിരുന്നു. പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള പാതയില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തര്‍ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയില്ല. പതിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്’, ബിന്ദു പറഞ്ഞു.

1.30ന് പമ്പയില്‍ നിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാന്‍ സാധിച്ചു. സ്ത്രീ വേഷത്തില്‍ തന്നെയാണ് ദര്‍ശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി.

ഇക്കഴിഞ്ഞ 24നാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമല കയറാന്‍ എത്തിയത്. സന്നിധാനത്തിന് ഒരു കിലോമീറ്ററടുത്ത് ചന്ദ്രാനന്ദന്‍ റോഡുവരെയെത്തിയ ഇവരെ പൊലീസ് തിരിച്ചിറക്കി ബലമായി ആശുപത്രിയിലാക്കിയെന്ന് അവര്‍ തന്നെ പരാതിപ്പെടുകയും ചെയ്തിരുന്നു. മണ്ഡലപൂജക്കുശേഷം തിരക്ക് കുറയുമ്പോള്‍ വീണ്ടും വരാമെന്ന് അന്നിവരെ അനുനയിപ്പിച്ചിരുന്നു. അന്ന് പിന്‍മാറിയവ ശേഷമാണ് അധികമാരും അറിയാതെ ഇവര്‍ വീണ്ടുമെത്തി ദര്‍ശനം നടത്തി മടങ്ങിയത്.

അതേസമയം, സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടത്തിയ ശുദ്ധിക്രിയക്ക് ശേഷം ശബരിമല നട തുറന്നു. ഒരു മണിക്കൂര്‍ നേരമാണ് ശുദ്ധിക്രിയയ്ക്കായി ശബരിമല നട അടച്ചത്. ഇതിന് ശേഷം പതിനെട്ടാം പടിയിലൂടെ സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റിവിട്ട് തുടങ്ങി. പരിഹാര ക്രിയ നടന്ന സമയത്ത് സന്നിധാനത്ത് നിന്ന് തീര്‍ത്ഥാടകരെ മാറ്റിയിരുന്നു. ശുദ്ധിക്രിയ വേണമെന്ന് തന്ത്രിയും മേല്‍ശാന്തിയും തീരുമാനിച്ചതോടെയാണ് പരിഹാരക്രിയ നടന്നത്. ഇതു സംബന്ധിച്ച് തന്ത്രിയും മേല്‍ശാന്തിയുമാണ് തീരുമാനം എടുത്തതെന്നും ഇക്കാര്യത്തില്‍ ബോര്‍ഡിന്റെ അനുമതി തേടിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

ശബരിലമലയില്‍ യുവതികള്‍ കയറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു നടപടി. പൊലീസ് സംരക്ഷണം നല്‍കിയെന്നും നേരത്തെ സംരക്ഷണം കിട്ടാത്തതുകൊണ്ടാണ് അവര്‍ മടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തടസങ്ങളില്ലാത്തുകൊണ്ടാവാം അവര്‍ ഇന്നു കയറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതികളെത്തിയത് സര്‍ക്കാര്‍ തീരുമാനപ്രകാരമല്ലെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.

രാവിലെ 10.30നാണ് നട അടച്ചത്. നടയടയ്ക്കുന്നതിനു മുന്നോടിയായി നെയ്യഭിഷേകം നിര്‍ത്തുകയും തിരുമുറ്റത്ത് നിന്ന് ഭക്തരെ നീക്കുകയും ചെയ്യുകയും ചെയ്തിരുന്നു. ശുദ്ധിക്രിയയ്ക്ക് ശേഷം 11.30ഓടെയാണ് നട തുറന്നത്. സാധാരണ ആചാരമനുസരിച്ച് ഉച്ചയ്ക്ക് ശേഷമേ നട അടക്കാറൂള്ളൂ. തന്ത്രിയും മേല്‍ശാന്തിയും തമ്മിലുണ്ടായ കൂടിയാലോചനയ്ക്ക് ശേഷമാണ് നടയടയ്ക്കാന്‍ തീരുമാനിച്ചത്. തന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മേല്‍ശാന്തിയാണ് നടയടച്ചത്.

ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് കനക ദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്തി പൊലീസിന്റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനക ദുര്‍ഗയ്ക്കും. പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും വിശദമാക്കിയിരുന്നു.

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് കനകദുര്‍ഗ, കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു തുടങ്ങി രണ്ട് യുവതികളാണ് പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്ത് വന്നത്. എന്നാല്‍ ഔദ്യോഗികമായി ഇത് ശരിവയ്ക്കാന്‍ തന്ത്രിയും ദേവസ്വം പ്രസിഡന്റും തയ്യാറായിരുന്നില്ല. എന്നാല്‍, പിന്നാലെ മുഖ്യമന്ത്രി യുവതികള്‍ പ്രവേശിച്ചതായി സ്ഥിരീകരിച്ചു.

അതേസമയം ശബരിമല നടയടിച്ച തന്ത്രിയുടെ നടപടി കോടതി വിധിയുടെ ലംഘനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജുഡീഷ്യറിയെ വെല്ലുവിളിക്കുകയാണ്. ശബരിമലയില്‍ യുവതീപ്രവേശനം നടന്നുകഴിഞ്ഞു. അതൊരു യാഥാര്‍ത്ഥ്യമായി അംഗീകരിക്കാന്‍ കഴിയണമെന്നും കോടിയേരി വ്യക്തമാക്കി.

വിധി വന്നശേഷം ആദ്യം നടതുറന്നത് തുലാമാസ പൂജയ്ക്കായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് ഒപ്പം മലകയറാനെത്തിയെങ്കിലും പ്രതിഷേധം കണ്ട് ഭയന്ന് പിന്‍മാറേണ്ടി വന്നു ആന്ധ്ര സ്വദേശി മാധവിയ്ക്ക്. ജോലിയുടെ ഭാഗമായി വന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് പ്രതിഷേധക്കാരുടെ കയ്യേറ്റത്തെ തുടര്‍ന്ന് മരക്കൂട്ടം വരെ എത്തി മടങ്ങുകയായിരുന്നു. പിന്നാലെ ഇരുമുടികെട്ടുമായി രഹ്നാ ഫാത്തിമയും മോജോ ടിവി റിപ്പോര്‍ട്ടര്‍ കവിതയും പൊലീസൊരുക്കിയ കനത്ത സുരക്ഷയില്‍ നടപ്പന്തല്‍ വരെ എത്തി. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരും പിന്‍മാറുകയായിരുന്നു.

പിന്നാലെ കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റി പമ്പയിലെത്തി. അര്‍ത്തുങ്കല്‍ സ്വദേശി ലിബി, ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജു. കോഴിക്കോട് സ്വദേശി ബിന്ദു തങ്കം കല്യാണി എന്നിവര്‍ സന്നിധാനത്ത് എത്താന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധം മറികടക്കാനാകാതെ പിന്‍മാറുകയായിരുന്നു. മല കയറാന്‍ സന്നദ്ധത തുറന്ന് പറഞ്ഞവരെ മാത്രമല്ല മല കയറിയെത്തിയവരില്‍ പ്രായത്തില്‍ സംശയം തോന്നിയവരെ പോലും പ്രതിഷേധക്കാര്‍ വെറുതെ വിട്ടില്ല.

മലകയറാന്‍ ആഗ്രഹം അറിയിച്ച് വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്ക് നേരെ എറണാകുളം പ്രസ്‌ക്ലബിന് മുന്നില്‍ വരെ കനത്ത പ്രതിഷേധമുണ്ടായിരുന്നു. ശബരിമല കയറുമെന്ന് പ്രഖ്യാപിച്ച് എത്തിയ തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കാന്‍ പ്രതിഷേധക്കാര് അനുവദിച്ചില്ല. മനിതി സംഘടനയ്ക്കും അനുഭവം മറ്റൊന്നായിരുന്നില്ല.

അതേസമയം, ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവും സംഘര്‍ഷവും ഉണ്ടായി. തലസ്ഥാനത്ത് ബി.ജെ.പി സമരപന്തലിന് സമീപം തടിച്ചുകൂടിയ ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറാനുള്ള ശ്രമവും നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പ്രതിഷേധ പ്രകടനം നടത്തിയവര്‍ വരുന്ന വഴിയില്‍ വനിതാ മതിലിനായി വച്ചിരുന്ന ബാനറുകളും മറ്റ് തോരണങ്ങളും നശിപ്പിച്ചു കൊണ്ടാണ് സെക്രട്ടേറിയേറ്റിലേക്ക് വന്നിരുന്നത്. തിരുവനന്തപുരത്ത് ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കൂടാതെ, വാര്‍ത്ത പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. കൊല്ലത്തും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. കൊട്ടാരക്കര, അമ്പലപ്പുഴ ക്ഷേത്രങ്ങളിലെ ദേവസ്വം ഓഫീസുകള്‍ അടപ്പിച്ചു. കൊച്ചി കച്ചേരിപ്പടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. മാവേലിക്കര താലൂക്ക് ഓഫീസില്‍ പ്രതിഷേധക്കാര്‍ കസേരകള്‍ തകര്‍ത്തു.

നെയ്യാറ്റിന്‍ക്കരയില്‍ ആലുംമുട്ടില്‍ റോഡ് ഉപരോധിച്ചു. കര്‍മസമിതി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരുമാണ് റോഡ് ഉപരോധിക്കുന്നത്. കൊച്ചി കലൂരിലും പ്രതിഷേധപ്രകടനം നടന്നു. കലൂര്‍ മുതല്‍ കച്ചേരിപ്പടി വരെയാണ് പ്രതിഷേധ പ്രകടനം. കോഴഞ്ചേരി, മുല്ലപ്പള്ളി എന്നിവിടങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. കൊല്ലം പരവൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ