ഐ എം എക്കാര് ഇവിടെങ്ങാനുമുണ്ടോ? അത്ഭുത രോഗ ശാന്തി പൊടിപൊടിക്കുന്നു

റോയ് മാത്യു
കേരളത്തിലെ പുണ്യപുരാതന ദിന പത്രമായ ദീപികയിലെ പ്രധാന വാർത്തയാണിത് ( Feb 6/2019)
മറിയം ത്രേസ്യയുടെ കബറിടത്തിൽ Accute respiratory failure ആയ ക്രിസ്റ്റഫർ എന്ന കുട്ടിയുടെ മാതാപിതാക്കൾ പ്രാർത്ഥിച്ചതോടെ കുട്ടിക്ക് അത്ഭുത രോഗ ശാന്തി ഉണ്ടായി എന്നാണ് ഞെട്ടിപ്പിക്കുന്ന കഥ – കുട്ടിയെ ചികിത്സിച്ചിരുന്ന ആശുപത്രിയിലെ ഡോക്ടർ ഇക്കാര്യം സ്ഥിരീകരിച്ചതായൊന്നും വാർത്തയിൽ പറയുന്നുമില്ല – – ( കഥയിൽ ചോദ്യം പാടില്ലല്ലോ?)
മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള അത്ഭുത പ്രവർത്തിയായിട്ടാണിത്- ഒമ്പത് കൊല്ലം മുമ്പ് രോഗശാന്തി പ്രാപിച്ച കുട്ടി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ / കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നൊന്നും “കഥാകൃത്ത് ” പറയുന്നുമില്ല.

ഇമ്മാതിരി അത്ഭുത രോഗ ശാന്തി കഥകളെ കുറിച്ചന്വേഷിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തയ്യാറാകുമോ?
വ്യാജ ഡോക്ടറന്മാരെപ്പോലെ തന്നെ അപകടകരമാണി അത്ഭുത രോഗ കച്ചവടം?
ഇതിനൊന്നും ശാസ്ത്രീയ മായ യാതൊരു അടിത്തറയുമില്ലെന്ന് ഈ കച്ചവടം നടത്തുന്നവർക്കറിയാം – അത്ഭുത രോഗശാന്തിയും ആശുപത്രിക്കച്ചവടവും ഒരേ പോലെ നടത്തുന്ന ഫീകരന്മാരാണീ സഭകൾ – മെത്രാന്മാരും പാതിരിമാരുമൊന്നും വിശുദ്ധന്മാരുടെ കബറിടത്തിൽ പോയി പ്രാർത്ഥിച്ച് രോഗശാന്തി നേടിയതായി കഥകൾ പ്രചരിക്കാറുമില്ല. – കർദിനാൾ ആലഞ്ചേരിയൊക്കെ ഹൃദയ ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പോയി കിടന്ന വാർത്തകളാണ് കേട്ടിട്ടുള്ളത്.
ഇത്തരം മോഡേൺ ആശുപത്രികൾ കെട്ടിപ്പൊക്കുന്നതിനൊപ്പം തന്നെ
ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചിറക്കുന്ന പോലെ അത്ഭുത രോഗ ശാന്തിക്കായി മുട്ടിന് മുട്ടിന് വിശുദ്ധന്മാരെ സഭ വിരിയിച്ചിറക്കുന്നുമുണ്ട്.
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പാർക്കിൻസൺസ് രോഗം ബാധിച്ചാണ് മരിച്ചത്. പക്ഷേ അദ്ദേഹത്തെ വിശുദ്ധനായി ഉയർത്തുന്നതിന്റെ ഭാഗമായി കണ്ടെത്തിയ അത്ഭുതത്തിന്റെ കഥ അതിലും അത്ഭുതം തന്നെ. – നാഡി രോഗം ബാധിച്ച ഒരു സ്ത്രീ ഇദ്ദേഹത്തിന്റെ കബറിടത്തിൽ പ്രാർത്ഥിച്ചപ്പോൾ രോഗം കംപ്ലീറ്റായി ഭേദമായി എന്നാണ് കഥ. ഇതൊക്കെ സർട്ടിഫൈ ചെയ്യുന്നതും ഡോക്ടറന്മാരാണെന്ന് പറയുന്നു.
ഇവിടേയും ഇമ്മാതിരി ഉഡായിപ്പുകൾ സർട്ടിഫൈ ചെയ്യുന്നത് ഐഎംഎ യുടെ അംഗങ്ങളായ ഡോക്ടറന്മാരായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.- ഇത്തരം അത്ഭുത രോഗശാന്തിക്കച്ചവടത്തെ ഐഎംഎ അംഗീകരിക്കുന്നുണ്ടോ ? ഇമ്മാതിരി അവകാശ വാദങ്ങളുടെ നിജ സ്ഥിതി സമൂഹത്തെ ബോധ്യപ്പെട്ടുത്തേണ്ടതല്ലേ?

ദീർഘകാലം എം എൽ എ യും മന്ത്രിയും എം പിയുമായിരുന്ന ലോനപ്പൻ നമ്പാടൻ കത്തോലിക്കാ സഭയുടെ അത്ഭുത രോഗ ശാന്തിക്കച്ചവടത്തെയും വിശുദ്ധരാകാൻ സർട്ടിഫിക്കേറ്റ് കൊടുക്കുന്നതിനെക്കുറിച്ചും തന്റെ ആത്മകഥയായ
സഞ്ചരിക്കുന്ന വിശ്വാസി- ( DC ബുക്ക്സ് ) “വിശുദ്ധ” രാകാൻ വ്യാജ സർട്ടിഫിക്കേറ്റ് എന്നൊരു അധ്യായം തന്നെ എഴുതിയിട്ടുണ്ട്. (Page 74/ 75)
1980 ൽ അദ്ദേഹം നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന കാലത്ത് കുറെ കന്യാസ്ത്രീകൾ വന്ന് ‘മരിച്ചു പോയ തിരു ക്കുടുംബാംഗ മായ മറിയം ത്രേസ്യായോടു പ്രാർത്ഥിച്ച് മാഷിന് കിട്ടിയ അനുഗ്രഹങ്ങൾ സാക്ഷ്യപ്പെട്ടുത്തി ഒരു സർട്ടിഫിക്കേറ്റ് വേണമെന്നാവശ്യപ്പെട്ടു. റോമിലേക്ക് അയക്കാനായിരുന്നു സർട്ടിഫിക്കേറ്റ് – വിശുദ്ധയാക്കുന്നതിന് രണ്ട് അത്ഭുത പ്രവർത്തികൾ നടന്നതായി സാക്ഷ്യങ്ങൾ വേണം. – അതിനാണ് കന്യാസ്ത്രീകൾ നമ്പാടന്റെ സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടത്.
അവരുടെ നിർബന്ധത്തിന് വഴങ്ങി നമ്പാടൻ രണ്ട് ലെറ്റർ പാഡ് അവർക്ക് കൊടുത്തിട്ട് പറഞ്ഞു – ആവശ്യമായ വിവരങ്ങൾ ഇതിൽ ടൈപ്പ് ചെയ്ത് കൊണ്ടു വരിക.
കന്യാസ്ത്രികൾ ലെറ്റർ പാഡിൽ എഴുതി കൊണ്ടുവന്ന വാചകങ്ങൾ കണ്ട് നമ്പാടൻ അന്തം വിട്ടു – ” മറിയം ത്രേസ്യായോട് പ്രാർത്ഥിച്ചതിനാൽ എനിക്ക് ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. ഞാൻ എം എൽ എ യും മന്ത്രിയും ആയത് ആ പ്രാർത്ഥനയുടെ ഫലമാണ്. ”
പച്ചക്കള്ളമാണ് എഴുതിപ്പിടിപ്പിരുന്നെങ്കിലും സർട്ടിഫിക്കേറ്റിൽ ഒപ്പും സീലും വെച്ചു കൊടുത്തുവെന്ന് അദ്ദേഹം ആത്മകഥയിൽ എഴുതിയിട്ടുണ്ട്. ദൈവ കൃപയാൽ സഭ നമ്പാടൻ എഴുതിയ ഈ അത്ഭുത കഥ നാളിതു വരെ നിഷേധിച്ചിട്ടുമില്ല.

ഇതോടൊപ്പം തന്നെ മറിയം ത്രേസ്യയോട് പ്രാർത്ഥിച്ച് രോഗം ഭേദമായി എന്ന് ഒരു പെൺകുട്ടിയുടെ പേരിൽ കള്ള സർട്ടിഫിക്കേറ്റ് നൽകിയ ഡോ. സണ്ണി പഴയാറ്റിൽ എന്നൊരാളെക്കുറിച്ചും നമ്പാടൻ മാഷ് എഴുതിയിട്ടുണ്ട്.
ആധുനിക വൈദ്യ ശാസ്ത്രം പരാജയപ്പെട്ടിടത്ത് മറിയം ത്രേസ്വായോട് പ്രാർത്ഥിച്ച് രോഗം ഭേദമായി എന്നാണ് ഈ ഡോക്ടർ സർട്ടിഫിക്കേറ്റ് കൊടുത്തത്.
വിശുദ്ധന്മാരെ തട്ടിക്കൂട്ടാനുള്ള സഭയുടെ ഓരോ പങ്കപ്പാടുകൾ ! മദർ തെരേസയുടെ പേരിലും ഇമ്മാതിരി എന്തോ നട്ടാൽ കുരുക്കാത്ത രോഗശാന്തി ക്കഥയുണ്ട്. അഞ്ചാറ് മാസം മുമ്പ് കോട്ടയത്തിനടുത്ത് മറ്റൊരു കന്യാസ്ത്രീയുടെ കബറിടത്തിൽ പോയി പ്രാർത്ഥിച്ച ഒരാളുടെ ട്യൂമർ ഊരിത്തെറിച്ചു പോയി എന്ന് ഇതേ ദീപിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
കത്തോലിക്കാ സഭയുടെ ഇമ്മാതിരി ഉടായിപ്പുകൾ കണ്ടാണ് കേരളത്തിലെ ചില പെന്തക്കോസ്ത് പാസ്റ്റന്മാർ അവരുടെ രോഗശാന്തി കച്ചവടങ്ങൾക്കായി ആൾക്കാരെ ട്രെയിനിംഗ് കൊടുക്കുന്ന വീഡിയോകൾ പുറത്തു വന്നിട്ടുണ്ട്.
വട്ടായി, മുട്ടായി, കുട്ടായി, തങ്കു, പങ്കു, മുല്ലക്കര , ഇമ്മാതിരി രോഗശാന്തി ക്കച്ചവടക്കാർ മലയാള ദേശത്ത് പൂന്ത് വിളയാടുകയാണ്. ആരും ചോദിക്കാനും പറയാനുമില്ല. ഉത്തരവാദിത്തപ്പെട്ട ഡോക്ടറന്മാരുടെ സംഘടനകളെ ങ്കിലും ഇമ്മാതിരി തട്ടിപ്പുകൾ പുറത്തു കൊണ്ടുവരണം –
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇക്കാര്യത്തിൽ അവരുടെ നിലപാട് വ്യക്തമാക്കണം – നിങ്ങളുടെ അംഗങ്ങളാണ് ഇമ്മാതിരി അത്ഭുത രോഗ ശാന്തി നടന്നതായി സർട്ടിഫിക്കേറ്റ് കൊടുക്കുന്നത്. ഇമ്മാതിരി ഫ്രോഡുകൾക്കെതിരെ നടപടി എടുക്കാൻ തയ്യാറാകണം –

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ