തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ബിജെപി ജില്ലാ കമ്മിറ്റി

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ബിജെപി ജില്ലാ കമ്മിറ്റി.

കുമ്മനം എത്തിയാല്‍ വിജയം ഉറപ്പാണെന്നാണ് സംസ്ഥാന അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയില്‍ ജില്ലാ നേതാക്കള്‍ അഭിപ്രായപ്പെട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേണ്ടി ദേശീയ ജനറല്‍ സെക്രട്ടറി വി രാംലാല്‍ ഇന്ന് തലസ്ഥാനത്തെത്തുന്നതാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്നോടിയായി ജില്ലാ പ്രസിഡന്റുമാരടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, മോഹന്‍ലാലിനെ മത്സരിപ്പിക്കുവാനുള്ള ശ്രമങ്ങളും ബിജെപി നടത്തിയിരുന്നു. തിരുവനന്തപുരം സീറ്റിലേക്ക് നടന്‍ മോഹന്‍ലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ തന്നെയാണ് വ്യക്തമാക്കിയിരുന്നത്.

എന്നാല്‍, പ്രചരിച്ച വാര്‍ത്തകളെ പിന്തള്ളി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. രാഷ്ട്രീയത്തിലേക്കില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

‘രാഷ്ട്രീയം തനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്‍ക്കുവാനാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. ഈ പ്രൊഫഷനില്‍ ഉള്ള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നുണ്ട്. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍, അതൊട്ടും എളുപ്പമല്ല. മാത്രമല്ല, എനിക്ക് വലുതായി അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അവിടേയ്ക്കു വരാന്‍ താത്പര്യമില്ല’. മോഹന്‍ലാല്‍ വ്യക്തമാക്കി.