വടകരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാലും കേരളം വിട്ടൊരു കളിയില്ലെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം : വടകരയില്‍ ബിജെപിയുടെ വോട്ട് പ്രതീക്ഷിക്കുന്നില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. എന്നാല്‍ ഒരു പാര്‍ട്ടിയുടേയും വോട്ട് വേണ്ടെന്നുപറയില്ല. ലോക്താന്ത്രിക് ജനതാദളിന്റെ പിന്തുണയും ഉറപ്പാണെന്നും മുരളീധരന്‍ പറഞ്ഞു.

വടകരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാലും കേരളം വിട്ടൊരു കളിയില്ലെന്നും അദ്ദേഹം അറിയിച്ചു. എംപിയാക്കി ഡല്‍ഹിയിലേക്ക് നാടുകടത്തുകയാണെന്ന് കരുതുന്നില്ല. വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല. വടകരയില്‍ പി.ജയരാജനെ ഏതെങ്കിലും കേസില്‍ കുറ്റക്കാരനായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രചാരണത്തിനില്ല. അക്രമരാഷ്ട്രീയത്തിനെതിരെ പ്രചാരണം നടത്തും. ഇതുതന്നെ ചിലര്‍ക്കെതിരായ വിരല്‍ചൂണ്ടലാകുമെന്നും മുരളിധരന്‍ പറഞ്ഞു.

ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ചിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമായേനെയെന്നും മുരളീധരന്‍ വ്യക്തമാക്കി.

വടകരയില്‍ കെ.പി.സി.സി സെക്രട്ടറി പ്രവീണ്‍ കുമാറിനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ദുര്‍ബലനായ സ്ഥാനാര്‍ഥി ആവരുത്, ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തണമെന്ന ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നു. മത്സരിക്കാന്‍ മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് മുരളീധരനെ പരിഗണിച്ചത്.