മഹാരാഷ്ട്രയില്‍ വരൾച്ച അതിരൂക്ഷം

അഡൂൾ ഗ്രാമത്തിലെ കർഷകനായ രാധകിസാൻ ബാബുറാവു കുളിക്കുമ്പോൾ സോപ്പ് ഉപയോഗിക്കാറില്ല. ഏപ്രിൽ മാസം മുതൽ തുടങ്ങിയതാണ് ഈ ശീലം. സോപ്പ് ഉപയോഗിച്ച് കുളിച്ച വെള്ളം മറ്റു പല ആവശ്യങ്ങൾക്കും പറ്റില്ല എന്നതുതന്നെ. കയറു കൊണ്ടു പിരിച്ച കട്ടിലിൽ ഇരുന്ന് അദ്ദേഹം തലയിലൂടെ വെള്ളമൊഴിക്കുന്നു. കട്ടിലിന്റെ അടിയിൽ കുറച്ച് പാത്രങ്ങൾ വെച്ചിട്ടുണ്ട്. രാധകിസാന്റെ ദേഹത്തിലൂടെ വരുന്ന ഈ ‘മലിന ജലം’ പാത്രത്തിൽ ശേഖരിക്കും. വെള്ളം തെറിച്ചു പോകാതിരിക്കാൻ വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം ഒരോ കപ്പും ഒഴിക്കുന്നത്. ശേഖരിച്ച വെള്ളം കുടുംബത്തിലെ മറ്റംഗങ്ങൾ കുളിക്കാനടക്കമുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കും. ഏറ്റവും അവസാനം കുളിച്ച വെള്ളം ഉപയോഗിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും സഹോദരനും ഭാര്യയും അടങ്ങുന്ന ഈ കുടുംബത്തിനു ജലക്ഷാമത്തെ നേരിടാൻ മറ്റു വഴികളില്ല.

32 ആഴ്ചയായി തുടരുന്ന കടുത്ത വരൾച്ചയെ അതിജീവിക്കാനാണ് മഹാരാഷ്ട്രയിലെ അഡൂര്‍ ഗ്രാമം ഈ വിദ്യകള്‍ ഉപയോഗിക്കുന്നത്. വിദർഭ- മദ്ധ്യ മഹാരാഷ്ട്ര മേഖലയിലെ അഡൂൾ ഗ്രാമത്തിലെ നിവാസികൾക്കാണ് ഈ ദുർഗതി. ഗ്രേയ് വാട്ടർ എന്നറിയപ്പെടുന്ന ഈ വെള്ളത്തിൽ മാലിന്യം ഉള്ളതിനാൽ വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. എന്നാൽ തങ്ങൾക്ക് ഇതല്ലാതെ മറ്റു വഴികളില്ലെന്നു ഇവർ ദൈന്യതയോടെ പറയുന്നു. വസ്ത്രം കഴുകാനും, കുളിക്കാനും, പാത്രം കഴുകാനും മലിന ജലമാണ് ഉപയോഗിക്കുന്നതെന്ന് ഗ്രാമവാസിയായ മനോജ് ചവാൻ പറയുന്നു. ഇതിൽ ഞെട്ടലോ വൃത്തികേടോ തോന്നേണ്ടതില്ല. മരിക്കുക, അല്ലെങ്കിൽ ജീവിക്കുക എന്ന രണ്ട് മാർഗം മാത്രമാകുമ്പോൾ ഇതിനപ്പുറവും ചെയ്തു പോകുമെന്നു രാധകിസാൻ പറയുന്നു.