തൊടുപുഴയിൽ ഏഴു വയസ്സുകാരനെ കൊന്ന കേസിലെ പ്രതി അരുണ്‍ ആനന്ദിനെതിരേ കൊല്ലപ്പെട്ട കുട്ടിയുടെ അനുജനെ പീഡിപ്പിച്ച കേസില്‍ പോക്‌സോ

മാതാവിന്റെ ആൺസുഹൃത്തിന്റെ മർദനമേറ്റ് കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അനുജനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ പ്രതി അരുൺ ആനന്ദിനെതിരെ തൊടുപുഴ പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഏഴുവയസുകാരന്റെ അനുജനായ നാലുവയസുകാരനെ പ്രതി ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതേ തുടർന്നാണ് പോക്‌സോ ചുമത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ സിഐ അഭിലാഷ് ഡേവിഡാണ് നൂറോളം പേജുള്ള കുറ്റപത്രം തയാറാക്കി തൊടുപുഴ പോക്‌സോ കോടതിയിൽ സമർപ്പിച്ചത്. പ്രതിയും കുട്ടിയുടെ അമ്മയുടെ സുഹൃത്തുമായ തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദ്(36) ഏഴുവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ ഇപ്പോൾ ജയിലിലാണുള്ളത്.

പ്രതിയുടെ ആക്രമണത്തിൽ ഏഴുവയസുകാരൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുമ്പോഴാണ് ഇളയകുട്ടിയും അതിക്രമം നേരിട്ടിരുന്നതായി കണ്ടെത്തിയത്. നാലുവയസുകാരന്റെ ദേഹത്തെ പല മുറിവുകളും അഞ്ചു മുതൽ ഏഴു ദിവസം വരെ പഴക്കമുള്ളതാണെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. ഇതെല്ലാം കുറ്റപത്രത്തിൽ വിവരിച്ചിട്ടുണ്ട്. അടുത്ത തവണ കോടതിയിൽ ഹാജരാക്കുമ്പോൾ പ്രതിക്ക് കുറ്റപത്രത്തിന്റെ പകർപ്പ് കൈമാറും. പോക്‌സോ കോടതി ജഡ്ജി കെ അനിൽകുമാർ മുൻപാകെയാണ് കേസ് വിസ്തരിക്കുക. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി വാഹിദ ഹാജരാവും.