മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാതെ പിതാവ് ജീവനൊടുക്കി

അക്കിക്കാവ് (തൃശൂര്‍) : നോട്ട് പിന്‍വലിക്കലിന്‍റെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുടെ പടംവെച്ച പരസ്യങ്ങള്‍ എല്ലാദിവസവും വരുന്നിനിടെയാണ് മകളെ കെട്ടിക്കാന്‍ പണമില്ലാത്തതിന്‍റെ പേരില്‍ രക്ഷിതാക്കള്‍ ആത്മഹത്യ ചെയ്ത കഥകള്‍ പുറത്തുവരുന്നത്. രാഷ്ട്രീയ നേതാക്കളും വ്യവസായികളും കോടികള്‍ മുടക്കി അവരുടെ മക്കളുടെ കല്യാണം പൊടിപൊടിക്കുന്നതിനിടയിലാണ് തൃശൂര്‍ അക്കിക്കാവില്‍ ഒരു പിതാവ് ബാങ്കില്‍ നിന്നും പണം കിട്ടാത്തതിന്‍റെ പേരില്‍ തൂങ്ങി മരിച്ചത്.

കമ്പിപ്പാലം കാരങ്ങേല്‍ മുഹമ്മദ് റാഫി(43)യാണ് ഞായറാഴ്ച പുലര്‍ച്ചെ വീടിന് പുറകുവശത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചത്.

മുഹമ്മദ് റാഫിയുടെ മകളുടെ വിവാഹം ജനുവരി ഒന്നിന് നടത്താനിരിക്കുകയാണ്.  വിവാഹാവശ്യത്തിനുള്ള പണത്തിനായി ബാങ്കുകളെയും സുഹൃത്തുക്കളെയും ഇദ്ദേഹം സമീപിച്ചിരുന്നു.

അബുസത്താണ് ഭാര്യ. മക്കള്‍ റംസീന, ഷഹാന, ഷാനവാസ്.