ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ച സംഭവം: എംഎല്‍എ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ഭോപ്പാല്‍: ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച മധ്യപ്രദേശ് ബിജെപി എംഎല്‍എ ആകാശ് വിജയവര്‍ഗിയയ്ക്കു കോടതി ജാമ്യം നിഷേധിച്ചു. ആകാശിനെ ജൂലൈ ഏഴ് വരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ മകനാണ് ആകാശ് വിജയവര്‍ഗിയ.

ഇന്‍ഡോറിലെ ഗഞ്ചില്‍ തകര്‍ന്നു വീഴാറായ കെട്ടിടം പൊളിച്ചു നീക്കാന്‍ എത്തിയ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെയാണ് ആകാശ് മര്‍ദ്ദിച്ചത്. സ്ഥലത്തുനിന്നു പത്ത് മിനിറ്റിനുള്ളില്‍ പോകണം എന്നു ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു മര്‍ദ്ദനം. പ്രദേശവാസികള്‍ വിളിച്ചതിനെ തുടര്‍ന്നാണ് എംഎല്‍എ സ്ഥലത്തെത്തിയത്. സംഭവം വിവാദമായതോടെ എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് നിവധിയാളുകള്‍ രംഗത്തെത്തി.