ജേക്കബ് തോമസ്, ബി.ജെ.പിയില്‍ ചേരുമെന്ന് സൂചന

കോഴിക്കോട്: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നു സൂചന. ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്ന് ജേക്കബ് തോമസ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ അതേക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ തയ്യാറല്ലെന്നും രാഷ്ട്രീയപ്രവേശം തന്നെയാണ് തന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍തന്നെ വെളിപ്പെടുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. വി.ആര്‍.എസിന് അപേക്ഷിച്ചത് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍നിന്ന് മത്സരിക്കാനായിരുന്നുവെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.

സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനിലാണ്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടന്നതിന്റെ പേരിലുള്ള അന്വേഷണത്തിലാണ് അദ്ദേഹത്തെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ സര്‍വീസ് സ്റ്റോറി എഴുതിയതിനെ തുടര്‍ന്ന് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.