അയാള്‍ നല്ലൊരു അച്ഛനായിരുന്നു; ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള കുടിയേറ്റ ശ്രമത്തിനിടെ പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെട്ട അച്ഛന്റെയും മകളുടെയും ചിത്രം താന്‍ വെറുക്കുന്നു എന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആയാള്‍ നല്ലൊരു അച്ഛനാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അഭയാര്‍ത്ഥി പ്രവാഹം രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണെന്നും അതിനെ നേരിടേണ്ടത് അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു. അതിര്‍ത്തി നയങ്ങളെ പിന്തുണയ്ക്കാന്‍ പ്രതിപക്ഷം വിസമ്മതിക്കുന്നതാണ് അനധികൃത കുടിയേറ്റക്കാരുടെ മരണത്തിന് കാരണമാകുന്നതെന്ന തൊടുന്യായവും ട്രംപ് പറഞ്ഞു.

എല്‍ സാല്‍വദോറില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളായ ഓസ്‌കാര്‍ ആല്‍ബര്‍ടോ മാര്‍ടിനസ് രെമിരസും മകള്‍ വലേറിയയുമാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹം. അച്ഛന്റെ വസ്ത്രത്തിനുള്ളില്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് കിടന്ന നിലയിലായിരുന്നു
കുട്ടി.അമേരിക്ക മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ റിയോ ഗ്രാന്റെ നദിക്കരയിലാണ് ഇവരുടെ മൃതദേഹം കണ്ടത്.

മകളുമായി നീന്തി അവളെ അമേരിക്കയുടെ സമീപം എത്തിച്ചു. ഭാര്യയെ കൊണ്ടുപോകാനായി തിരിക്കുന്നതിനിടെ മകള്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും ചുഴിയില്‍ പെടുകയായിരുന്നു.

ഏപ്രില്‍ മൂന്നിനാണ് എല്‍ സാല്‍വദോറില്‍ നിന്ന് ഓസ്‌കാര്‍ കുടുംബവുമായി അമേരിക്കയിലേയ്ക്ക് പുറപ്പെട്ടത്. അമേരിക്കയില്‍ അഭയം കണ്ടെത്താനുള്ള ശ്രമങ്ങള്‍ വൈകിയതോടെയാണ് നീന്തി അതിര്‍ത്തിയിലെത്താന്‍ രെമിരസ് തീരുമാനിച്ചത്.

ഭര്‍ത്താവും മകളും മുങ്ങിത്താഴുന്നത് കണ്ടുനില്‍ക്കാനെ കഴിഞ്ഞുള്ളൂവെന്ന് രെമിരസിന്റെ ഭാര്യ പറഞ്ഞു. യുഎസിലേക്ക് കുടിയേറാന്‍ ഇവര്‍ അപേക്ഷിച്ചിരുന്നെങ്കിലും സമയത്തിനു യുഎസ് അധികൃതര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ ഇവര്‍ക്ക് സാധിച്ചില്ല. തുടര്‍ന്നായിരുന്നു നദി കുറുകെ കടക്കാനുള്ള ഇവരുടെ തീരുമാനം.മെക്സിക്കന്‍ ദിനപത്രമാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്.

ദാരിദ്യവും തൊഴിലില്ലായ്മയും മൂലം ആയിരങ്ങളാണ് സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളായ എല്‍സാല്‍വദോര്‍, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മെക്‌സിക്കോയിലെത്തി അനധികൃതമായി അമേരിക്കയില്‍ കുടിയേറാന്‍ ശ്രമിക്കുന്നത്.