സൈബര്‍ അടിമകള്‍ക്കുളള ചികില്‍സാകേന്ദ്രം ആലോചിക്കേണ്ട അവസ്ഥ: മുഖ്യമന്ത്രി

സൈബര്‍ അടിമകള്‍ക്ക് ചികില്‍സ നല്‍കാനുള്ള കേന്ദ്രങ്ങളെ പറ്റി കേരളവും ആലോചിച്ചു തുടങ്ങേണ്ടിയിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . നവമാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണ്.ലഹരിമരുന്നു പോലെ കുട്ടികളെ വഴി തെറ്റിക്കുന്ന സ്ഥിതിയിലേക്ക് നവ മാധ്യമങ്ങളും മാറിയിട്ടുണ്ട്. നവ മാധ്യമങ്ങളുടെ ശരിയായ ഉപയോഗത്തെ പറ്റി കുട്ടികളെ മനസിലാക്കാന്‍ അധ്യാപകരും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ മേരിപോള്‍ സ്മാരക വായനശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അന്തരിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി. ബാബുപോളും, സഹോദരന്‍ റോയ്‌പോളും ചേര്‍ന്ന് അമ്മയുടെ സ്മരണയ്ക്കായി നിര്‍മിച്ചതാണ് വായനശാല. പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.മുന്‍ സ്പീക്കര്‍ പി.പി.തങ്കച്ചന്‍, മുന്‍ എംഎല്‍എ സാജു പോള്‍ എന്നിവരും പങ്കെടുത്തു.