വിനോദ സഞ്ചാരികളുടെ വരവിൽ വർദ്ധന

കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിൽ വർദ്ധന. 2019 ആദ്യ പാദത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച 2,94,531 സഞ്ചാരികൾ കൂടുതലായി എത്തി. പ്രളയത്തിനൊന്നും കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ തകർക്കാനാവില്ലെന്നു തുറന്നുകാണിക്കുന്നതാണ് റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 2019 ജനുവരി മുതൽ മാർച്ചുവരെ 6.82 ശതമാനം പേർ കേരളത്തിലെത്തി. വിദേശികളും രാജ്യത്തിനകത്തുള്ളവരുമായ 43,18,406 പേരാണ് കഴിഞ്ഞ തവണ ഇക്കാലയളവിൽ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത.് എന്നാൽ ഇത്തവണ അത് 46,12.397 ആയി ഉയർന്നു. ആഭ്യന്തര സഞ്ചാരികളിൽ ഭൂരിഭാഗവും എത്തിയത് എറണാകുളം ജില്ലയിലാണ്. നടപ്പു വർഷത്തിന്റെ ആദ്യ മൂന്നുമാസങ്ങളിൽ 9,96,091 സഞ്ചാരികളാണ് എറണാകുളത്ത് എത്തിയത്. 2018ൽ ഇത് 8,87,922 പേരായിരുന്നു. മഴക്കാല വിനോദത്തിന് പ്രാധാന്യം നൽകുന്ന പദ്ധതികൾ ടൂറിസം വകുപ്പ് നടപ്പിലാക്കുന്നുണ്ട്. വരും മാസങ്ങളിൽ വിനോദ സഞ്ചാരികളുടെ വൻ വരവാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്.