പ്രവാസി സംരംഭകര്‍ക്ക്, ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണം ഫോമാ

പന്തളം ബിജു തോമസ് (പി.ആര്‍.ഒ)

ഡാളസ്: കേരളത്തില്‍ പുതുതായി ബിസിനസ്സുകള്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്കായി, സംസ്ഥാനതലത്തില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനെ ഫോമാ അറിയിക്കും. ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കുവാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, വിവിധതരം ലൈസന്‍സുകളും ഈ സംവിധാനത്തില്‍ കൂടി വളരെ വേഗത്തില്‍ നേടിയെടുക്കുവാന്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥരടങ്ങുന്ന ഒരു ഏകജാലസംവിധാനമെന്ന ആശയമാണ് ഫോമാ മുന്നോട്ടു വെയ്ക്കുന്നത്. അടുത്ത കേരള സഭയില്‍ ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ഇത് അമേരിക്കന്‍ പ്രവാസി മലയാളികളുടെ നൂതന ആശയമായി അവതരിപ്പിക്കും.ചെറുതും വലുതുമായ വിവിധതരം വ്യവസായങ്ങള്‍ കേരളത്തില്‍ വിജയകരമായി നടന്നുവരുന്നുണ്ട്. സമീപകാലത്ത് പ്രവാസി സംരംഭകര്‍ക്ക് കേരളത്തില്‍ ഉണ്ടായ സംഭവങ്ങള്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയാണ്. ഇത്തരം സംഭവങ്ങളെ ഫോമാ അപലപിച്ചു. പ്രമുഖ അമേരിക്കന്‍ പ്രവാസി മലയാളി വ്യവസായ സംരംഭകരുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും പരിഗണിച്ചശേഷം “നോര്‍ക്ക” യുമായി സഹകരിച്ച് ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളുമായി ഫോമാ മുന്നോട്ടുപോകുന്നതായിരിക്കുമെന്ന് എക്‌സിക്യൂട്ടീവുകളായ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ സംയുക്തമായി പ്രസ്താവിച്ചു