ജര്‍മന്‍ യുവതിയുടെ തിരോധാനം;ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിക്കും

ന്യൂഡല്‍ഹി:തിരുവനന്തപുരത്ത് നിന്ന് കാണാതായ ജര്‍മന്‍ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ലിസ വെയില്‍സിനെ കണ്ടെത്താനായി കേരളാ പൊലീസ് ഇന്റര്‍പോളിനെ സമീപിച്ചതോടെ ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിക്കും. ഇതോടെ വിവിധ രാജ്യങ്ങള്‍ക്ക് ഇന്റര്‍പോള്‍ ലിസ വെയില്‍സിന്റെ വിവരങ്ങള്‍ കൈമാറും.

മാര്‍ച്ചില്‍ കേരളത്തിലെത്തിയ ലിസ വെയ്സിനെ കാണാതായതു സംബന്ധിച്ച് മാതാവ് ജര്‍മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയിരുന്നു.

മാര്‍ച്ച് അഞ്ചിനു ജര്‍മനിയില്‍നിന്നു പുറപ്പെട്ട ലിസ മാര്‍ച്ച് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് എവിടെയെന്നു വിവരമില്ല. ലിസയെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയ ടാക്സി ഡ്രൈവറെയും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ബ്രിട്ടീഷ് പൗരനായ മുഹമ്മദ് അലി എന്നൊരാള്‍ കേരളത്തില്‍ എത്തുമ്പോള്‍ ലിസയ്ക്ക് ഒപ്പമുണ്ടായിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മാര്‍ച്ച് 15-ന് തിരികെപോയതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.