മലയാളിയെ കടാക്ഷിച്ച് അബുദാബി ഭാഗ്യദേവത; കൊല്ലം സ്വദേശിനി സ്വന്തമാക്കിയത് 22 കോടി

ദുബായ്: വീണ്ടും മലയാളിയെ കടാക്ഷിച്ച് അബുദാബി ഭാഗ്യദേവത. അബുദാബി എയര്‍പോര്‍ട്ടിലെ ലോട്ടറി സ്ഥാപനമായ ബിഗ് ടിക്കറ്റിന്റെ ‘ദ ഡ്രീം 12 മില്ല്യണ്‍ സീരിസി’ന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് കൊല്ലം സ്വദേശിയായ സ്വപ്ന നായര്‍ 12 ദശലക്ഷം യു.എ.ഇ ദിര്‍ഹം സ്വന്തമാക്കിയത്.

യു.എ.യില്‍ ഒന്‍പത് വര്‍ഷ കാലത്തോളമായി തന്റെ കുടുംബത്തോടൊപ്പം താമസിക്കുകയാണ് സ്വപ്ന നായര്‍. സമ്മാനം അടിച്ച ഉടനെ തന്നെ ആരെങ്കിലും പറ്റിക്കുകയാണോ എന്നായിരുന്നു സ്വപ്നയുടെ പ്രതികരണം. എന്നാല്‍ സംഗതി സത്യമാണെന്ന് മനസിലാക്കിയ സ്വപ്നയ്ക്ക് ആവേശം അടക്കാനായില്ല. ജീവിതത്തില്‍ ആദ്യമായാണ് തനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നതെന്നും ടിക്കറ്റ് നമ്പര്‍ ഒന്നുകൂടി പരിശോധിക്കണമെന്നും സ്വപ്ന മത്സര അധികൃതരോട് ആവശ്യപ്പെട്ടു.

217892 എന്ന നമ്പര്‍ ടിക്കറ്റ് ആയിരുന്നു സ്വപ്നയുടെ കൈവശം ഉണ്ടായിരുന്നത്. ജൂണ്‍ ഒന്‍പതിനാണ് സ്വപ്ന ലോട്ടറി ടിക്കറ്റ് എടുത്തത്. ബിഗ് ടിക്കറ്റില്‍ ആദ്യ ഏഴ് സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരാണ്. ഇതില്‍ ഭൂരിഭാഗം പേരും മലയാളികളുമാണ്. പാക്കിസ്ഥാന്‍ പൗരനായ സയീദ് ഷഹബാദ് അലിയാണ് രണ്ടാം സമ്മാനം കൈക്കലാക്കിയത്. 1,00,000 ദിര്‍ഹമാണ് സയീദിന്റെ കൈകളിലേക്ക് എത്തിയത്. ഹോസെ ആന്ദ്രേ ഗോമസ് ആന്ദ്രേ സാന്റയിന്‍ പെരേര ഗോമസ്(90,000 ദിര്‍ഹം), സുരേഷ് എടവന(80,000 ദിര്‍ഹം), മാത്യു വര്‍ഗീസ്(70,000 ദിര്‍ഹം), രാധ കൃഷ്ണ കേസനി(60,000 ദിര്‍ഹം), സുനില്‍ കുമാര്‍(20,000 ദിര്‍ഹം), നിഖാത് ഖന്ന(50,000 ദിര്‍ഹം) എന്നിവരാണ് സമ്മാനങ്ങള്‍ നേടിയ മറ്റ് ഇന്ത്യക്കാര്‍.