ഗാന്ധിനിന്ദക്കെതിരെയുള്ള എബിയുടെ പോരാട്ടം ലോകശ്രദ്ധയില്‍

കോട്ടയം: രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പിയില്‍ അച്ചടിച്ചതിനെതിരെ രാജ്യം ഒന്നടങ്കം പ്രതിഷേധിക്കുമ്പോള്‍ അതിന് വഴികാട്ടിയായത് പാലാ സ്വദേശിയായ എബി ജെ. ജോസ്.

എബിയുടെ കൃത്യവും സന്ദര്‍ഭോചിതവുമായ ഇടപെടലാണ് സംഭവം ലോക ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇസ്രായേലിലെ ടെഫെന്‍ ഇന്‍ഡസ്ട്രിയല്‍ സോണിലെ മാല്‍ക്ക മദ്യ നിര്‍മ്മാണശാലയാണ് ഗാന്ധിജിയുടെ ചിത്രം ബിയര്‍ കുപ്പിയില്‍ അച്ചടിച്ചത്. ഇസ്രായേലിന്റെ 71 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ പ്രത്യേക എഡീഷന്‍ മദ്യ കുപ്പികളിലാണ് മറ്റ് നാലു ചരിത്ര നേതാക്കള്‍ക്കൊപ്പം ഗാന്ധിയുടെ ചിത്രവും പുറത്തിറക്കിയത്. ഇസ്രായേലിലുള്ള മനു എന്ന മലയാളി ഇക്കാര്യം ടിക് ടോക്ക് വീഡിയോവിലൂടെ പുറത്തുവിട്ടു. ഇത് ലഭിച്ച എബി ഉടന്‍ തന്നെ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മാല്‍ക ബിയര്‍ എന്നു മാത്രമാണ് ആകെ കിട്ടിയ വിവരം. അന്വേഷണത്തിനിടെ കിട്ടിയ വിവരങ്ങളാകട്ടെ ഹീബ്രൂ ഭാഷയിലും. ഇവ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഉപയോഗിച്ച് പരിഭാഷപ്പെടുത്തി. അങ്ങനെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്തിനാണ് നിര്‍മ്മാണം, ആരാണ് നിര്‍മ്മിച്ചത്, ചിത്രം വരച്ചത് ആരാണ് എന്നതൊക്കെ.

അമിത് ഷിമോണി എന്ന ആളാണ് ഗാന്ധിജി കൂളിംഗ് ഗ്ലാസ് ധരിപ്പിച്ചും ബനിയനും ഓവര്‍കോട്ടും അണിഞ്ഞ നിലയില്‍ ഗാന്ധിജിയെ ചിത്രീകരിച്ചതെന്നു കണ്ടെത്തി.ഇദ്ദേഹത്തിന്റെ സൈറ്റില്‍ കോമാളിയായി ഗാന്ധിജിയെ ചിത്രീകരിക്കുന്ന വിവിധ പോസിലുള്ള ചിത്രങ്ങള്‍ വില്പനയ്ക്ക് വച്ചിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ടെല്‍ അവീവില്‍ താമസക്കാരനായ ഇയാളുടെ വിലാസവും ടെലിഫോണ്‍ നമ്പരും ഇ മെയില്‍ വിലാസവും കണ്ടെത്തി.

തുടര്‍ന്നു മദ്യത്തിനെതിരെ കര്‍ശന നിലപാട് എടുത്തിട്ടുള്ളതും ഭാരതത്തിന്റെ രാഷ്ട്രപിതാവുമായ ഗാന്ധിജിയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ്,പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു,അഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യമന്ത്രിമാരായ ശിവശങ്കര്‍, വി.മുരളീധരന്‍, ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍, ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ എന്നിവര്‍ക്ക് പരാതികള്‍ അയച്ചു.

ഇക്കാര്യം യുഎന്‍ഐ ന്യൂസിലൂടെ ദേശീയഅന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ലോക ശ്രദ്ധയില്‍ എത്തിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിംഗ് വിഷയം രാജ്യസഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് രാജ്യസഭ സംഭവത്തില്‍ പ്രതിഷേധിച്ചു. സഭാ ചെയര്‍മാനായ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു സംഭവത്തിലിടപ്പെട്ട് നടപടി സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. നടപടിക്ക് നിര്‍ദ്ദേശിച്ചതായി ഉപരാഷ്ട്രപതിയുടെ ഓഫീസും നടപടികള്‍ ആരംഭിച്ചതായി ഇസ്രായേലിലെ ഇന്ത്യന്‍ എംബസിയും രേഖാമൂലം എബി ജെ. ജോസിനെ അറിയിച്ചിട്ടുണ്ട്.

തനിക്ക് അധികാരം ലഭിച്ചാല്‍ ഇന്ത്യയിലെ മദ്യശാലകള്‍ അടച്ചു പൂട്ടുമെന്നു പ്രഖ്യാപിച്ച അഹിംസയുടെ പ്രവായകനായ ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പികളില്‍ അച്ചടിച്ച നടപടി അപലപനീയമാണെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ എബി ജെ. ജോസ് പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നത് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാണ്. ഇന്ത്യയുടെ സുഹൃത്ത് രാഷ്ട്രമായ ഇസ്രായേല്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും എബി പറഞ്ഞു. ഗാന്ധി നിന്ദയ്ക്കതിരെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ ശക്തമായ പ്രതിഷേധമാണ് എബിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ നടത്തി വരുന്നത്.

ദേശീയപതാക, ദേശീയഗാനം, ദേശീയ ചിഹ്നങ്ങള്‍ തുടങ്ങിയവയുടെ ദുരുപയോഗത്തിനെതിരെ കഴിഞ്ഞ 25 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു വരികയാണ് പാലാ സ്വദേശിയായ എബി ജെ. ജോസ്. 1999ല്‍ ദേശീയപതാക ദുരുപയോഗിക്കുന്നതിനെതിരെ കേരള ഹൈക്കോടതിയില്‍ സ്വയം ഹാജരായി അനുകൂല വിധി നേടിയ എബി ദേശീയപതാക, ദേശീയഗാനം എന്നിവയുടെ ദുരുപയോഗത്തിനെതിരെ ആയിരക്കണക്കിന് പരാതികളാണ് നല്‍കിയിട്ടുള്ളത്. കറന്‍സി നോട്ടുകളില്‍ എഴുതുന്നതിനെതിരെയും നോട്ടുമാല ഉപയോഗിക്കുന്നതിനെതിരെയും സര്‍ക്കുലര്‍ ഇറക്കാന്‍ റിസര്‍വ്വ് ബാങ്കിനും അപരന്മാരെ ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം ചേര്‍ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പ്രേരണയായത് എബിയുടെ നിര്‍ദ്ദേശങ്ങളാണ്. ഗാന്ധിജിയുടെ 150 മത് ജന്മവാര്‍ഷകത്തോടനുബന്ധിച്ച് പാലായില്‍ ഗാന്ധി സ്‌ക്വയറും പ്രതിമയും സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് എബി ഇപ്പോള്‍. വെങ്കലത്തിലും ചെമ്പിലുമായി എട്ടടി ഉയരത്തില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം പാലാ നഗരസഭ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനു വിട്ടു നല്‍കിയിട്ടുണ്ട്.

 രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ എബി ജെ. ജോസ് സന്ദര്‍ശിച്ചപ്പോള്‍. കേരളാ ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം സമീപം (ഫയല്‍ ചിത്രം)

എബി ജെ. ജോസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുറത്തിറക്കിയ പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു പ്രകാശനം ചെയ്തപ്പോള്‍. ഡോ. ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്, എബിയുടെ പുത്രി ദിയ ആന്‍ ജോസ്, പുസ്തകം തയ്യാറാക്കിയ ആര്‍. അജിരാജ്കുമാര്‍ എന്നിവര്‍ സമീപം.(ഫയല്‍ ചിത്രം)