സൈന്യത്തില്‍ ചേരാന്‍ വനിതകള്‍; ഇതുവരെ ലഭിച്ചത് 2 ലക്ഷം അപേക്ഷകള്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തില്‍ ജോലിചെയ്യാനാഗ്രഹിച്ച് അപേക്ഷ സമര്‍പ്പിച്ചത് നിരവധി വനിതകള്‍. കോപ്‌സ് ഓഫ് മിലിട്ടറി പൊലീസ് വിഭാഗത്തില്‍ അടുത്തിടെയാണ് 100 ഒഴിവുകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിലേക്ക് 2 ലക്ഷം സ്ത്രീകളാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അപേക്ഷ അയച്ചവര്‍ക്കായി ഈ മാസം അവസാനത്തോടെ ബല്‍ഗാമില്‍ റിക്രൂട്‌മെന്റ് റാലിയും നടത്തും. സിഎംപിയുടെ ഭാഗമായി 100 വനിതകളെ നിയമിക്കുന്നതോടെ സൈന്യത്തില്‍ അലിഖിതമായ പല കീഴ്‌വഴക്കങ്ങള്‍ക്കം മാറ്റം വരും.

ഓഫിസര്‍മാരായി മാത്രമായിരുന്നു ഇതുവരെ സൈന്യം സ്ത്രീകളെ നിയമിച്ചിരുന്നത്. യുദ്ധവിമാനങ്ങളില്‍ നിന്നും യുദ്ധക്കപ്പലുകളില്‍ നിന്നുമൊക്കെ ഇവരെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. ഇവരുടെ നിയമനത്തോടെ ഇതിലും മാറ്റം വരും. തെരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍ക്ക് സിഎംപിയുടെ ബെംഗലൂരു കേന്ദ്രത്തില്‍ പരിശീലനം നല്‍കിയതിനുശേഷം വിവിധ ഡ്യൂട്ടികളില്‍ നിയോഗിക്കും.

വനിതാ സൈനികരുടെ നിയമനത്തോടെ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നിയന്ത്രിക്കാന്‍ സൈന്യം നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമാകും. കൂടാതെ പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ കേസുകളിലും വനിതാ ജവാന്‍മാരുടെ സേവനം പ്രയോജനപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.