കസ്റ്റഡി മരണം: എസ്പി വേണുഗോപാല്‍ കൈക്കൂലി വാങ്ങിയെന്ന് കോണ്‍ഗ്രസ്

ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ എസ്പി വേണുഗോപാല്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. എസ്പി വേണുഗോപാല്‍ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമാണെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍.

പണം വാങ്ങിയിട്ടുണ്ട്, പക്ഷെ അത് എത്രയാണെന്നാണ് ഇനി അറിയേണ്ടതെന്നും അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ വീടിനടുത്തേക്ക് സ്ഥലം മാറ്റി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഇബ്രാഹിം കുട്ടി കല്ലാര്‍ പറഞ്ഞു. സ്ഥലംമാറ്റ നടപടിക്ക് പകരം എസ്പിയെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ കൂട്ടുപ്രതിയായ ശാലിനി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. തന്നെ അപകടപ്പെടുത്തുമോയെന്ന് ഭയമുണ്ടെന്ന് ശാലിനി പറഞ്ഞു. സംഘത്തില്‍ ആളുകളെ ചേര്‍ത്തതുകൊണ്ടാണ് തന്നെ രാജ്കുമാര്‍ എംഡിയാക്കിയത്. രാജ്കുമാര്‍ കൂടുതല്‍ പണം വാങ്ങിയോയെന്ന് അറിയില്ലെന്നും കോടികളുടെ ബിസിനസ് നടന്നിട്ടില്ലെന്നും 15 ലക്ഷത്തിന്റെ ഇടപാടാണ് നടന്നതെന്നും ശാലിനി വ്യക്തമാക്കി.

എസ്‌ഐ സാബു അമ്പതിനായിരം രൂപ കൈക്കൂലി ചോദിച്ചിരുന്നു. പിറ്റേദിവസം നല്‍കാനിരിക്കെയാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തത്. രാജ്കുമാറിനെ മര്‍ദ്ദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതും എസ്‌ഐയാണെന്നും ശാലിനി പറഞ്ഞു. രാജ്കുമാറിനെ പൊലീസുകാര്‍ മര്‍ദ്ദിച്ചുവെന്നും താന്‍ അത് കണ്ടിരുന്നുവെന്നും പൊലീസില്‍ ഏല്‍പ്പിക്കുന്നതിനിടെ നാട്ടുകാരും രാജ്കുമാറിനെ മര്‍ദ്ദിച്ചുവെന്നും ശാലിനി പറയുന്നു. ഷര്‍ട്ടും കൊന്തയും ഊരിവച്ച ശേഷം മുട്ടുകുത്തി ഇരിക്കാന്‍ രാജ്കുമാറിനോട് പോലീസ് ആവശ്യപ്പെട്ടു. പിന്നീട് ചൂരലുകൊണ്ട് കാലില്‍ അടിച്ചുവെന്നും ശാലിനി പറഞ്ഞു. അതിനിടെ ആളുകള്‍ക്ക് പണം തിരികെ നല്‍കാന്‍ ഒരു ദിവസം സാവകാശം നല്‍കണമെന്ന് രാജ്കുമാര്‍ പറഞ്ഞതായി ശാലിനി വ്യക്തമാക്കി.

തനിക്കെതിരെ പൊലീസ് മുളക് പ്രയോഗം നടത്തിയെന്നും തന്നെ മര്‍ദ്ദിച്ചശേഷം ബാഗിലെ സാധനങ്ങളെല്ലാം പുറത്തെടുത്തിട്ടുവെന്നും കാലിന് അടിയേറ്റത് മൂലം തനിക്ക് നടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ശാലിനി കൂട്ടിച്ചേര്‍ത്തു.