സുഷ്മ സ്വരാജും ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് എത്താന്‍ സാധ്യത

ന്യൂഡല്‍ഹി: പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാരുടെ കാലാവധി അവസാനിക്കാനിരിക്കേ മുന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജും ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് എത്താന്‍ സാധ്യത. പുതുതായി പരിഗണിക്കപ്പെടുന്ന ഗവര്‍ണര്‍മാരുടെ പട്ടികയില്‍ സുഷമ യ്ക്ക്‌ മുന്‍ഗണന ലഭിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി സുഷമ മത്സരിച്ചിരുന്നില്ല.

മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും പുതുതായി പരിഗണിക്കപ്പെടുന്ന ഗവര്‍ണര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര മന്ത്രിമാരായിരുന്ന ഉമാഭാരതി, കല്‍രാജ് മിശ്ര, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരായിരുന്ന ശാന്തകുമാര്‍, പ്രേംകുമാര്‍ ധുമല്‍ എന്നിവരുടെ പേരും ചില ഉദ്യോഗസ്ഥ പ്രമുഖരും പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. കാബിനറ്റ്‌ സെക്രട്ടേറിയറ്റിന്‌ കീഴിലെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് മേധാവിയായിരുന്ന അനില്‍കുമാര്‍ അസ്മന, ഐ.ബി മുന്‍ തലവന്‍ രാജീവ് ജെയിന്‍, മുന്‍ഗാമിയായിരുന്ന ദിനേശ്വര്‍ ശര്‍മ്മ, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.കെ.ജ്യോതി എന്നിവരും പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആര്‍.എസ്.എസ് നേതൃത്വവുമായി ആലോചിച്ചാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിക്കുക. കാലാവധി പൂര്‍ത്തിയാവുന്ന ഗവര്‍ണര്‍മാരില്‍ ചിലര്‍ തുടരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കുന്നതും മോദിയും അമിത് ഷായും ചേര്‍ന്നായിരിക്കും. പാര്‍ട്ടി നേതൃത്വത്തിന്റെ താത്പര്യവും പരിഗണിച്ചേക്കും.

യു.പി ഗവര്‍ണര്‍ രാം നായിക്കിന്റെ കാലാവധി ഈ മാസം 24നും ഗുജറാത്ത് ഗവര്‍ണര്‍ ഓംപ്രകാശ് കോഹ്ലിയുടെ കാലാവധി 16നും പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയുടെ കാലാവധി 24നും ത്രിപുര ഗവര്‍ണര്‍ കപ്താന്‍സിംഗ് സോളങ്കിയുടെ കാലാവധി 27നും പൂര്‍ത്തിയാവുകയാണ്.

കേരള ഗവര്‍ണര്‍ പി.സദാശിവത്തിന്റെ കാലാവധി ആഗസ്ത് 31നും കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയുടെ കാലാവധി സെപ്തംബര്‍ ഒന്നിനും രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍സിംഗിന്റെ കാലാവധി സെപ്തംബര്‍ നാലിനും മഹാരാഷ്ട്ര ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിന്റെ കാലാവധി ആഗസ്ത് 30നും പൂര്‍ത്തിയാവും. ആന്ധ്രയിലെയും തെലങ്കാനയിലേയും ഗവര്‍ണറായ ഇ.എസ്.എല്‍ നരസിംഹന്റെ കാലാവധി കഴിഞ്ഞ ജൂണ്‍ 2 പൂര്‍ത്തിയായി. ഈ സംസ്ഥാനങ്ങളിലേക്കാണ് പുതിയ ഗവര്‍ണര്‍മാരെ പരിഗണിക്കുന്നത്. പുതിയ ഗവര്‍ണര്‍മാരുടെ നിയമനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.