പാർലമെന്റിലെ കന്നി പ്രസംഗങ്ങൾ

മുരളി തുമ്മാരുകുടി

പാർലമെന്റിലെ മലയാളി എം പി മാരുടെ കന്നി പ്രസംഗങ്ങൾ കാണുന്നു. ഇംഗ്ലീഷ് ഭാഷയിൽ ഉള്ള പരിചയക്കുറവ് കാരണം തപ്പിത്തടയലും നോക്കി വായിക്കലും ഒക്കെയാണ് പലർക്കും.

ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ തന്നെ കേരളത്തിന് ഏറ്റവും തിളങ്ങാൻ പറ്റിയ പാർലിമെന്റ് ആണിത്. ഇന്ത്യ മുഴുവൻ തൂത്തുവാരിയ എൻ ഡി എ ക്ക് ഇരുപത് സീറ്റുകളിൽ ഒന്നുപോലും കേരളത്തിൽ നിന്നും കിട്ടിയില്ല, അതായത് കേരളം ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് ചിന്തിക്കുന്നത് എന്ന് വ്യക്തം. മുഖ്യ പ്രതിപക്ഷം ആയ കോൺഗ്രസിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ളത് കേരളത്തിൽ നിന്നാണ്. കോൺഗ്രസ് പ്രസിഡണ്ടായിരുന്ന രാഹുൽ ഗാന്ധി ജയിച്ചത് കേരളത്തിൽ നിന്നാണ്.

ഈ സാഹചര്യങ്ങൾ ഒക്കെ മുതലെടുത്ത് പാർലമെന്റിൽ കിട്ടുന്ന പരമാവധി അവസരങ്ങൾ സംസാരിക്കാനും, സംസാരിക്കുന്നത് ശക്തമാക്കാനും ആണ് കേരളത്തിലെ എം പി മാർ ശ്രമിക്കേണ്ടത്. അതിന് പക്ഷെ ഇംഗ്ലീഷ് ഭാഷയോ ഹിന്ദിയോ ഉപയോഗിക്കാൻ പോയാൽ പണി പാളും. പറയേണ്ടത് പറയാനുള്ള ഭാഷ ഇല്ല, കേട്ടിരിക്കുന്നവർക്കൊക്കെ ഇവർ വേണ്ടത്ര വിദ്യാഭ്യാസം ഇല്ലാത്തവർ ആണെന്ന് തോന്നുകയും ചെയ്യും.

ഐക്യ രാഷ്ട്ര സഭയിലെ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ഒക്കെ ന്യൂ യോർക്കിൽ ജനറൽ അസംബ്ലി സമ്മേളനത്തിന് വരുമ്പോൾ അവർ ഇംഗ്ളീഷിൽ അല്ല സംസാരിക്കാറ്. അവർക്ക് ഏറ്റവും പരിചയവും പ്രഗൽഭ്യവും ഉള്ള ഭാഷയിൽ സംസാരിക്കും, അക്കാര്യം മുൻകൂട്ടി ഐക്യ രാഷ്ട്ര സഭയെ അറിയിക്കും, പ്രസംഗങ്ങൾ യു എൻ ഭാഷകളിൽ ആക്കാനുള്ള സംവിധാനം ഉണ്ടാകും. പ്രധാനമന്ത്രിമാർ അവരുടെ ഭാഷകളിൽ കത്തിക്കയറും, അതേ സമയം തന്നെ യു എൻ ഭാഷകളിൽ അത് മറ്റുള്ളവർ കേൾക്കും. ജനത മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായി ശ്രീ വാജ്‌പേയ് യു എന്നിൽ എത്തിയപ്പോൾ ഹിന്ദിയിൽ ആണ് സംസാരിച്ചത് (അത് ഇംഗ്ലീഷിലെ അറിവില്ലായ്മകൊണ്ടാല്ലായിരുന്നു, സ്വന്തം ഭാഷയെ ഉയർത്തിപ്പിടിക്കാനും കൂടിയായിരുന്നു).

ഈ യു എൻ പാരമ്പര്യത്തിൽ നിന്നും കേരളത്തിലെ എം പി മാർ കുറച്ചൊക്കെ പഠിക്കാനുണ്ട്. ഇംഗ്ലീഷ് ഭാഷ എന്നത് മറ്റേതൊരു ഭാഷയെപ്പോലെ ഒരു ഭാഷ മാത്രമാണ്. അതിൽ ഉള്ള പ്രാവീണ്യവും കാര്യങ്ങളിൽ ഉള്ള അറിവും രണ്ടാണ്. കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുക, അത് വേണ്ട പോലെ പറഞ്ഞു ഫലിപ്പിക്കുക ഇതൊക്കെയാണ് പ്രധാനം. മലയാളത്തിൽ നന്നായി സംസാരിക്കുന്നവർ ആണ് നമ്മുടെ എല്ലാ എം പി മാരും. മലയാളത്തിൽ സംസാരിച്ചാൽ അതേ സമയം തന്നെ അത് ഇംഗ്ളീഷിലേക്കും ഹിന്ദിയിലേക്കും ഒക്കെ തർജ്ജുമ ചെയ്യാനുള്ള സംവിധാനങ്ങൾ പാർലിമെന്റിൽ ഉണ്ട്. അപ്പോൾ പിന്നെ ബുദ്ധിമുട്ടി, തപ്പിത്തടഞ്ഞൊന്നും ഇംഗ്ളീഷോ ഹിന്ദിയോ ഉപയോഗിക്കേണ്ട ഒരു കാര്യവും ഇല്ല. മാത്രമല്ല നമ്മൾ കേരളത്തിൽ നിന്നുള്ള, വ്യത്യസ്ഥ രാഷ്ട്രീയം ഉള്ള, ചിന്തകൾ ഉള്ള, ഉയർന്ന വിദ്യാഭ്യാസനിലവാരം ഉള്ള ആളുകൾ ആണ് എന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കുന്നതും അപ്പോഴാണ്.

നമ്മുടെ എം പി മാർ (ശശി തരൂരും രാഹുൽ ഗാന്ധിയും ഒഴിച്ച്) ഈ പാർലിമെന്റിൽ പ്രത്യേകിച്ചും മലയാളത്തിൽ സംസാരിക്കണം എന്നാണ് എൻ്റെ അഭിപ്രായം. (മറ്റെല്ലാവരുടെയും ഇംഗ്ലീഷ് മോശമാണെന്ന അഭിപ്രായം കൊണ്ടല്ല കേട്ടോ, രാഹുൽ ഗാന്ധി മലയാളം എഴുതി വായിക്കുന്നത് കണ്ടിരിക്കാൻ പറ്റാത്തതുകൊണ്ടും ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രസംഗം കേട്ടിരിക്കാനുള്ള ആഗ്രഹം കൊണ്ടുമാണ് അവരെ ഒഴിവാക്കിയത്)