മരട് ഫ്ലാറ്റുകൾ പൊളിക്കണമെന്ന് സുപ്രീംകോടതി

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണം എന്ന നിലപാടില്‍ ഉറച്ച് സുപ്രീംകോടതി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരായ പുനപരിശോധനാഹര്‍ജി കോടതി തള്ളി. ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ഹര്‍ജികളില്‍ ഇടപെടേണ്ടതില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് തീരുമാനം. നാല് ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ പുനപരിശോധനാഹര്‍ജികളാണ് തള്ളിയത്.

തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവിൽ മാറ്റം വരുത്താനാകില്ലെന്നായിരുന്നു കഴിഞ്ഞ ആഴ്ച കോടതി വ്യക്തമാക്കിയത്. ഫ്‌ളാറ്റ് ഉടമകൾ നൽകിയ റിട്ട് ഹർജിയും കോടതി തള്ളിയിരുന്നു. കോടതിയിൽ തട്ടിപ്പ് നടത്താനാണ് മുതിർന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നതടക്കം രൂക്ഷ വിമർശനമാണ് ജസ്റ്റിസ് മിശ്ര ഉന്നയിച്ചത്. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് കൃത്യമായി അറിയാമെന്ന് പറഞ്ഞ അരുൺ മിശ്ര കോടതിയെ കബളിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചിരുന്നു.

മരടിലെ അഞ്ച് അപ്പാർട്ട്മെന്‍റുകൾ പൊളിക്കാനാണ് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനായിരുന്നു നടപടി. തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ അന്ന് ഉത്തരവിറക്കിയത്. അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ആദ്യ ഉത്തരവിൽ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരുന്നത്.