ക്രിസ്മസ് റിലീസില്ല:നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും കൊമ്പ് കോര്‍ക്കുന്നു

തിരുവനന്തപുരം: നിര്‍മാതാക്കളും എ ക്ലാസ് തിയറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇത്തവ ക്രിസ്മസ് റിലീസുണ്ടാവില്ല.  നിര്‍മാതാക്കള്‍ക്കുള്ള തിയേറ്റര്‍ വരുമാനത്തിന്റെ പത്ത് ശതമാനം  വെട്ടിക്കുറച്ച പശ്ചാത്തലത്തിലാണിത്. ജോമോന്റെ സുവിശേഷം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഫുക്രി തുടങ്ങിയ ചിത്രങ്ങളാണ് കാശ് വാരാന്‍ തയ്യാറായിരിക്കുന്നത്. ക്രിസ്മസ്, ന്യൂഇയര്‍ നല്ല കളക്ഷനായിരിക്കും.   ഡിസംബര്‍ 16 മുതല്‍ മലയാള ചിത്രങ്ങളുടെ നിര്‍മാണം ഉണ്ടാവില്ലെന്ന് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം തീരുമാനിച്ചു. പുലിമുരുകന്‍ 100 കോടി ഗ്രോസ് കളക്ഷന്‍ നേടിയതിന്റെ മറവിലാണ് എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വരുമാനവിഹിതം ഏകപക്ഷീയമായി കൂട്ടിയത്. നിര്‍മാണച്ചെലവ് അനുദിനം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഈ തീരുമാനം നിര്‍മാതാക്കളെ കുത്ത്പാളയെടുപ്പിക്കും.

നിലവില്‍ ഒരു സിനിമ റിലീസാകുമ്പോള്‍ എ ക്ലാസ് തിയേറ്ററുകളില്‍ ആദ്യ ആഴ്ച വരുമാനത്തിന്റെ 60 ശതമാനം നിര്‍മാതാവിനും ബാക്കി തിയേറ്ററിനുമാണ്. രണ്ടാംവാരം 55 ഉം 45ഉം പിന്നീട് 50 ശതമാനം വീതവുമാണ് വരുമാനം പങ്കുവയ്ക്കുന്നത്. എന്നാല്‍ പുലിമുരുകന്‍ ആദ്യരണ്ടാഴ്ച 18 കോടിയോളം രൂപ കളക്ട് ചെയ്തതോടെയാണ് തങ്ങളുടെ വിഹിതം 10 ശതമാനം കൂട്ടാന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിച്ചത്. ‘ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ആദ്യ വാരം 55 ശതമാനം മാത്രമേ നിര്‍മാതാക്കള്‍ വാങ്ങുന്നുള്ളൂ.

അത് പാടില്ല. എല്ലായിടത്തും നിരക്ക് ഏകീകരിക്കണം. മള്‍ട്ടിപ്ലക്‌സുകള്‍ നല്‍കുന്ന സൗകര്യങ്ങള്‍ തങ്ങളും നല്‍കുന്നുണ്ടെന്ന്’ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹിയായ ലിബര്‍ട്ടി ബഷീര്‍ ‘ദി വൈഫൈ റിപ്പോര്‍ട്ടറോട്’ പറഞ്ഞു. തങ്ങള്‍ അഞ്ച് ലക്ഷം മുതല്‍ 25 ലക്ഷം വരെ അഡ്വാന്‍സ് നല്‍കിയാണ് സിനിമ കളിക്കുന്നത്. പബ്ളി സിറ്റിക്കായി നാല് ശതമാനം പണം ചെലവഴിക്കുന്നു. മള്‍ട്ടിപ്ലക്‌സുകള്‍ക്ക് ഇത് രണ്ടും ബാധകമല്ലെന്നും’ അദ്ദേഹം പറഞ്ഞു.