സാധക സ്കൂള്‍ ഓഫ് മ്യൂസിക് ഒരുക്കുന്ന സംഗീത സായാഹ്‌ന പ്രോഗ്രാം മഹ്ഫില്‍ ജൂലൈ 21 -ന്

ജിനേഷ് തമ്പി

ന്യൂജേഴ്‌സി : പ്രശസ്ത സാധക സ്കൂള്‍ ഓഫ് മ്യൂസിക് അക്കാദമിയുടെ എട്ടാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നാഷണല്‍ അവാര്‍ഡ് ജേതാക്കളായ സംഗീതജ്ഞര്‍ പണ്ഡിറ്റ് രമേശ് നാരായണനും , മകള്‍ മധുശ്രീ നാരായണനും നയിക്കുന്ന സംഗീത സായാഹ്‌ന പരിപാടി “മഹ്ഫില്‍” ജൂലൈ 21 നു ഫിലാഡല്‍ഫിയയിലെ ക്രിസ്‌തോസ് മാര്‍ത്തോമാ പള്ളി അങ്കണത്തില്‍ അരങ്ങേറും.

നാലു മണിക്ക് ലഘുഭക്ഷണവും , networking ആയി തുടങ്ങുന്ന പ്രോഗ്രാമില്‍, അഞ്ചു മണിക്കാണ് പണ്ഡിറ്റ് രമേശ് നാരായണനും മധുശ്രീ നാരായണനും നയിക്കുന്ന “ലൈവ് ഇന്‍ കണ്‍സേര്‍ട്” ക്രമീകരിച്ചിരിക്കുന്നത്.

എട്ടു വര്‍ഷമായി ട്രൈസ്റ്റേറ്റ് മേഖലയില്‍ (ഫിലാഡല്‍ഫിയ , ന്യൂജേഴ്‌സി, ന്യൂയോര്‍ക്) സംഗീതാസ്വാദകര്‍ക്കു ശുദ്ധ സംഗീതത്തിന്റെ മാസ്മരിക ലോകത്തിലേക്കുള്ള പുത്തന്‍ കവാടങ്ങള്‍ തുറന്നു കൊടുത്ത സാധക മ്യൂസിക് അക്കാദമിയുടെ സംഗീതയാത്രയില്‍ മറ്റൊരു പൊന്‍തൂവലാണ് ജൂലൈ 21 ലെ “മഹ്ഫില്‍ ” പ്രോഗ്രാം

ഭാരതീയ പരമ്പരാഗത സംഗീത സാമ്പ്രദായിക രീതികളും , ഭാരതീയ സാംസ്കാരിക പൈതൃകത്തെ കുറിച്ചുള്ള ഗഹനമാര്‍ന്ന പഠനവും കോര്‍ത്തിണക്കിയുള്ള ശുദ്ധ സംഗീതത്തെ പറ്റിയുള്ള അറിവും, തങ്ങളുടെ മാതൃഭാഷയെ കുറിച്ചുള്ള ജ്ഞാനം സംഗീതത്തിലൂടെ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന വലിയ കര്‍ത്തവ്യം കൂടി സാധക മ്യൂസിക് അക്കാദമി നിറവേറ്റുന്നതില്‍ ഒരു പാട് സന്തോഷവും, അഭിമാനവും ഉണ്ടെന്നു സാധക ഡയറക്ടര്‍ ശ്രീ കെ ഐ അലക്‌സാണ്ടര്‍ എടുത്തു പറഞ്ഞു

തങ്ങളുടെ എട്ടു വര്‍ഷത്തെ ജൈത്രയാത്രയില്‍ സാധക ആദരിച്ച പ്രമുഖരില്‍ കെ എസ് ചിത്ര , പണ്ഡിറ്റ് രമേശ് നാരായണന്‍, പി ഉണ്‌നുകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.എന്റര്‍ടൈന്‍മെന്റ് മേഖലയിലേക്കുള്ള സാധകയുടെ രംഗപ്രവേശനത്തിന്റെ ഭാഗമായി സാധക എന്റര്‍ടൈന്‍മെന്റ് എന്ന യൂട്യൂബ് ചാനലിന്റെ ലോഗോ പ്രകാശനവും ഔദ്യോഗികമായി ഈ പരിപാടിയുടെ ഭാഗമായി പണ്ഡിറ്റ് രമേശ് നാരായണന്‍ നിര്‍വഹിക്കുന്നതായിരിക്കും

സാധക മ്യൂസിക് അക്കാദമിയുടെ ഭാവിവാഗ്ദാനങ്ങളായ യുവഗായകരെ അണിനിരത്തിയുള്ള “സ്വര്‍ഗീയ മുകുളങ്ങള്‍” എന്ന ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബത്തിന്റെ ഉദ്ഘാടനവും തദവസരത്തില്‍ നടക്കും.ജൂലൈ 21 ഒരുക്കിയിരിക്കുന്ന സംഗീത സായാഹ്‌ന പരിപാടിയിലേക്ക് എല്ലാ സംഗീതാസ്വാദക മനസ്സുകളെയും, സംഗീത പ്രേമികളെയും സുസന്തോഷം സ്വാഗതം ചെയ്യുന്നതായി സാധക ഡയറക്ടര്‍ ശ്രീ കെ ഐ അലക്‌സാണ്ടര്‍ അറിയിച്ചു