വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു: മഞ്ജു വാര്യര്‍ക്കെതിരായ ആദിവാസികളുടെ പരാതി ഒത്തുതീര്‍പ്പായി

വയനാട്: ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് ആരോപിച്ച് നടി നടി മഞ്ജു വാര്യര്‍ക്കെതിരെ നല്‍കിയ പരാതി ഒത്തുതീര്‍പ്പായി. 10 ലക്ഷം രൂപ സര്‍ക്കാരിന് നല്‍കി കോളനിയുടെ നവീകരണത്തില്‍ പങ്കാളിയാകുമെന്നും ഈ വിഷയത്തില്‍ ഇനിയും അപമാനം സഹിക്കാന്‍ വയ്യെന്നും മഞ്ജു കത്തിലൂടെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ അറിയിച്ചു. പദ്ധതി നടപ്പാക്കാനുള്ള തുക കണ്ടെത്താന്‍ ഒറ്റയ്ക്ക് സാധിക്കില്ലെന്നാണ് കത്തിലെ വിശദീകരണം. കോളനിയിയുടെ നവീകരണത്തിനായി മൂന്നര ലക്ഷത്തോളം രൂപ ഇതിനോടകം ചെലവഴിച്ചെന്നും കത്തില്‍ പറയുന്നു.

2017ലാണ് വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം നല്‍കിയത്. എന്നാല്‍ ഇതുവരെ അത് പാലിച്ചില്ലെന്നും മഞ്ജു വാര്യരുടെ വാഗ്ദാനമുള്ളതിനാല്‍ ഭവനനിര്‍മ്മാണത്തിനുള്ള സര്‍ക്കാരിന്റെ വിവിധ സഹായങ്ങള്‍ ലഭിക്കാതെയായെന്നും കോളനിക്കാര്‍ ആരോപിച്ചിരുന്നു. ഈ കാര്യത്തില്‍ ഒരു തീരുമാനമുണ്ടായില്ലെങ്കില്‍ മഞ്ജു വാര്യരുടെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം ചെയ്യുമെന്നും ആദിവാസികള്‍ പറഞ്ഞിരുന്നു.

എന്നാല്‍ താന്‍ ഇത്തരത്തില്‍ ഒരു വാഗ്ദാനം നടത്തിയിട്ടില്ലെന്നായിരുന്നു മഞ്ജു വാര്യരുടെ മറുപടി. ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മഞ്ജു വാര്യര്‍ വിശദമാക്കിയിരുന്നു. പദ്ധതിക്ക് വേണ്ടി സര്‍വേ നടത്തിയിരുന്നു. എന്നാല്‍, തനിക്ക് മാത്രം ചെയ്യാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാറിന്റെ സഹായം തേടിയിരുന്നതായും മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരാതിയില്‍ മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും മഞ്ജുവിന് വേണ്ടി വക്കീലാണ് വിശദീകരണ കത്ത് നല്‍കിയത്.