യൂണിവേഴ്‌സിറ്റി കോളേജ് പ്രതികളുടെ നിയമന നടപടി മാറ്റിവെക്കും

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്കു നേരെയുള്ള വധശ്രമ കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളുടെ നിയമന നടപടി മാറ്റിവെക്കുമെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീര്‍. സംഭവത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പി.എസ്.സി വിജിലന്‍സ് അന്വേഷിക്കുമെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പി.എസ്.സി ചെയര്‍മാന്‍ വ്യക്തമാക്കി. പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം, പ്രണവ് എന്നിവര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ നിയമന ശുപാര്‍ശ നല്‍കില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇവരുടെ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജ് സംഭവവത്തില്‍ ആരോപണവിധേയരായവര്‍ കാസര്‍കോട് ജില്ലയിലാണ് അപേക്ഷിച്ചിരുന്നത്. എന്നാല്‍ പരീക്ഷയ്ക്ക് തിരുവന്തപുരമാണ് തിരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രം ലഭിച്ചത്. പരീക്ഷാ കേന്ദ്രം മാറ്റി എന്ന വിധത്തിലുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. പ്രതികളായവരുടെ രജിസ്റ്റര്‍ നമ്പറുകള്‍ അടുത്തടുത്ത് വരുന്ന സാഹചര്യമുണ്ടായിട്ടില്ല. പി.എസ്.സിയുടെ ഭാഗത്തുനിന്ന് ഇവര്‍ക്കുവേണ്ടി ഒരു വിധത്തിലുള്ള മാറ്റങ്ങളും നടത്തിയിട്ടില്ലെന്നും പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു