ഉപതിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ ഗതി നോക്കി കളം മാറ്റി ചവിട്ടുവാന്‍ യു.ഡി.എഫ് ഘടകകക്ഷികളിലും നീക്കം

ഉപതിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ ഗതി നോക്കി കളം മാറ്റി ചവിട്ടുവാന്‍ യു.ഡി.എഫ് ഘടകകക്ഷികളിലും നീക്കം. കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ യു.ഡി.എഫ് ഘടകക്ഷികളെ വല്ലാതെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസ്സിലെ പൊട്ടിത്തെറിക്ക് ഇപ്പോഴും പരിഹാരമായിട്ടുമില്ല. ആ പാര്‍ട്ടി രണ്ടായി പിളരുന്നത് അനിവാര്യമായിരിക്കുകയാണിപ്പോള്‍. അത് എപ്പോഴാണ് എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്.
രണ്ട് വിഭാഗവും ഒരുമിച്ച് ഒരു മുന്നണിയില്‍ നില്‍ക്കില്ലെന്ന കാര്യവും ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇതില്‍ ഒരു വിഭാഗം ഇടതുപക്ഷത്ത് എത്താനുള്ള സാധ്യതയും കൂടുതലാണ്. നിലവില്‍ സി.പി.എം കഴിഞ്ഞാല്‍ സി.പി.ഐക്ക് മാത്രമാണ് ഇടതുപക്ഷത്ത് ചില ജില്ലകളിലെങ്കിലും സ്വാധീനമുള്ളത്.
ക്കുമെന്ന കാര്യം എന്തായാലും ഉറപ്പാണ്.

കേരള കോണ്‍ഗ്രസ്സിന് മധ്യകേരളത്തില്‍ കാര്യമായ സ്വാധീനം ഇപ്പോഴുമുണ്ട്. യു.ഡി.എഫിനെ സംബന്ധിച്ച് കോട്ടയം ഇടുക്കി, പത്തനംതിട്ട ജില്ലകളിലും എറണാകുളത്തെ ചില ഭാഗങ്ങളിലും വിജയിക്കാന്‍ കേരള കോണ്‍ഗ്രസ്സിന്റെ പിന്തുണ അനിവാര്യമാണ്.

മുസ്ലീം ലീഗാണ് യു.ഡി.എഫില്‍ ജനസ്വാധീനമുള്ള മറ്റൊരു പാര്‍ട്ടി. മലബാര്‍ മേഖലയില്‍ പച്ച തൊടാന്‍ ലീഗും മുന്നണിക്ക് അനിവാര്യമാണ്.

കോണ്‍ഗ്രസ്സ് ഈ പോക്കു പോകുകയാണെങ്കില്‍ മുന്നണി മാറ്റം ചിന്തിക്കണമെന്ന അഭിപ്രായം മുസ്ലീം ലീഗിലും ശക്തമാണ്. ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടാല്‍ ലീഗില്‍ പൊട്ടിത്തെറിയുണ്ടാകും. ഇതില്‍ ഒരു വിഭാഗം പിളര്‍ന്ന് ഇടതുപക്ഷത്ത് എത്താനുള്ള സാധ്യത രാഷ്ട്രിയ നിരീക്ഷകരും തള്ളിക്കളയുന്നില്ല.

അടുത്ത ഭരണം യു.ഡി.എഫിന് കിട്ടില്ല എന്ന് ഉറപ്പാകുന്ന അവസ്ഥയില്‍ അത് സംഭവിക്കുമെന്ന് തന്നെയാണ് അവരുടെ വിലയിരുത്തല്‍.
കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു സര്‍ക്കാരിനും തുടര്‍ ഭരണം ഉണ്ടായിട്ടില്ല. ഈ യാഥാര്‍ത്ഥ്യം തന്നെയാണ് യു.ഡി.എഫ് ഘടക കക്ഷികളെയും നയിക്കുന്നത്.എന്നാല്‍ മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വരികയും കോണ്‍ഗ്രസ്സ് തകര്‍ന്നടിയുകയും ചെയ്ത സാഹചര്യത്തില്‍ ഈ ആത്മവിശ്വാസം അവര്‍ക്ക് തന്നെ നഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

ഒരു ദേശീയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലേക്ക് കോണ്‍ഗ്രസ്സ് പോയതാണ് ഘടകകക്ഷികളെ ഏറെ ആശങ്കപ്പെടുത്തുന്നത്.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നിന്ന ന്യൂനപക്ഷങ്ങള്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് ലീഗ് ശരിക്കും ഭയക്കുന്നുണ്ട്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളിലും കടുത്ത ഭിന്നത യു.ഡി.എഫ് ഘടകകക്ഷികള്‍ക്കുണ്ട്. ഇങ്ങനെ പോയാല്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. അടുത്ത തവണയും ഭരണത്തില്‍ വരാന്‍ കഴിഞ്ഞില്ലെങ്കില്‍ യു.ഡി.എഫ് സംവിധാനം തന്നെ തകര്‍ന്നടിയുമെന്ന് ലീഗ് നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നുണ്ട്.

കോണ്‍ഗ്രസ്സ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേക്കേറുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെടുത്തിയതായും അവര്‍ തുറന്നടിക്കുന്നു.കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ വിലയിരുത്തല്‍. കേരളത്തില്‍ എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി ആയത് ഇടതുപക്ഷം വലിയ പ്രചരണമാക്കുമെന്ന ആശങ്കയും യു.ഡി.എഫ് നേതൃത്വത്തിനുണ്ട്.

ഇതെല്ലാം മറികടക്കാന്‍ എങ്ങനെ കഴിയുമെന്ന ചിന്തയിലാണിപ്പോള്‍ യു.ഡി.എഫ് നേതൃത്വം. ഒടുവില്‍ വീണു കിട്ടിയ യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് പറ്റിയ പിഴവ് പ്രതിഷേധത്തിന്റെ മുനയൊടിച്ചതും പ്രതിപക്ഷ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
യുവജനോത്സവ ഫോമിനെ ഉത്തരക്കടലാസാക്കി മാറ്റി വാര്‍ത്ത നല്‍കിയ മാതൃഭൂമിയുടെ നീക്കമാണ് പാളിയത്. പ്രതിപക്ഷവും മാധ്യമങ്ങളും കള്ളം പ്രചരിപ്പിച്ച് വേട്ടയാടുകയാണെന്ന സി.പി.എം – എസ്.എഫ്.ഐ വാദങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഈ സംഭവം.അതേസമയം, ഭരണപക്ഷത്തിന് എതിരെ കിട്ടുന്ന ആയുധങ്ങളെല്ലാം ചീറ്റിപോകുന്നത് സി.പി.എമ്മിനെ സംബന്ധിച്ച് ഇപ്പോള്‍ വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ