ഷിക്കാഗോയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് ഫാമിലി, യൂത്ത് കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി, യൂത്ത് കോണ്‍ഫറന്‍സിന്റേയും, ഭദ്രാസനത്തിന്റെ പത്താമത് വാര്‍ഷികാഘോഷങ്ങളുടേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഫാ. ദാനിയേല്‍ ജോര്‍ജിന്റെ (കോണ്‍ഫറന്‍സ് കണ്‍വീനര്‍) അധ്യക്ഷതയില്‍ എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസില്‍ നടന്ന വിവിധ കമ്മിറ്റികളുടെ സംയുക്ത യോഗം കോണ്‍ഫറന്‍സിന്റെ ഇതേവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇടവക വികാരിയും കണ്‍വീനറുമായ ഫാ. രാജു ദാനിയേല്‍ .യോഗത്തിന് സ്വാഗതം നേര്‍ന്നു.

 

സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ഫാ. ഹാം ജോസഫ് ഷിക്കാഗോയില്‍ ശ്ശൈഹീക സന്ദര്‍ശനത്തിനും, കോണ്‍ഫറന്‍സിനു നേതൃത്വം നല്‍കുന്നതിന് എത്തുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് കാതോലിക്കാ ബാവയുടെ സ്വീകരണത്തിനുള്ള ക്രമീകരണങ്ങള്‍ വിശദീകരിച്ചു. ജൂലൈ 16-ന് ചൊവ്വാഴ്ച ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ ഫ്‌ളോറിഡയില്‍ നിന്നും വൈകുന്നേരം 5.30-ന് എത്തിച്ചേരുന്ന പരിശുദ്ധ ബാവയെ ഷിക്കാഗോ സിറ്റി പ്രതിനിധികളും, എയര്‍പോര്‍ട്ട് അതോറിറ്റി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കുന്നതാണെന്നു കണ്‍വീനര്‍ ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ യോഗത്തില്‍ അറിയിച്ചു.

തുടര്‍ന്ന് കോണ്‍ഫറന്‍സിന്റെ വിവിധ കമ്മിറ്റികളുടെ കോര്‍ഡിനേറ്റര്‍മാര്‍ എല്ലാ ദിവസങ്ങളിലുമുള്ള സജ്ജീകരണങ്ങളും നടപടിക്രമങ്ങളും വിശദീകരിക്കുകയുണ്ടായി.ജൂലൈ 17-നു ബുധനാഴ്ച പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്ന കോണ്‍ഫറന്‍സ് 20-നു വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പത്താമത് വാര്‍ഷികാഘോഷങ്ങള്‍ ജൂലൈ 19-നു വെള്ളിയാഴ്ച ചേരുന്ന സമ്മേളനത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. മലങ്കര സഭയിലെ മെത്രാപ്പോലീത്തമാരും, സീറോ മലബാര്‍ ഭദ്രാസന ബിഷപ്പുമാരായ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട് തുടങ്ങിയവര്‍ സംബന്ധിക്കുന്നതാണ്.