മുനമ്പ് (കവിത)

മനോജ് മനയില്‍

മുറി തുറന്നപ്പോള്‍
പിടഞ്ഞെഴുന്നേറ്റു
മനസ്സു പോലൊന്നു
കിതച്ചു നില്‍ക്കുന്നു

മെലിഞ്ഞ വാക്കിനാല്‍
പഴയകാലത്തിന്‍
നരച്ച ജീവിതം
മുളച്ചു പൊന്തുന്നു

വെയില്‍ നനഞ്ഞൊരു
മഴയതാകുന്നു

വിയര്‍പ്പു ചിന്നിയ
പുഴയതാകുന്നു

പരിഭവങ്ങള്‍തന്‍
മുടന്തും നോട്ടങ്ങള്‍
ചൊടിച്ചിറങ്ങിയ
പകലതാകുന്നു

പിരിഞ്ഞുപോം വഴി-
ക്കവലയില്‍ പാദം
മുറിഞ്ഞ നീറ്റലില്‍
പകയതാകുന്നു

വിഷാദ സന്ധ്യയില്‍
വിടപറഞ്ഞവര്‍
ചിത വെടിഞ്ഞെത്തും
സ്മൃതിയതാകുന്നു

കനത്ത നിശ്ശബ്ദ-
ക്കടലതാവുന്നു

കടവു കാണാത്ത
ചുഴിയതാവുന്നു

പറഞ്ഞു തീരാത്ത
പഴിയതാവുന്നു

വിതുമ്പി നിന്നൊരു
വിയോഗമാകുന്നു

മുറിവിട്ടു പുറ-
ത്തിറങ്ങുവാനൂന്നു-
വടി തിരയുമ്പോ-
ളൊരു മഹാകാലം
മറവിപോല്‍ വന്നു
വിളിച്ചിറക്കുന്നൂ
വിലാപമില്ലാതെ
നടന്നു പോകുന്നൂ
നടത്തത്തില്‍ വഴി-
പിരിഞ്ഞുപോകുന്നൂ
വെളിച്ചമസ്തമി-
ച്ചിരുള്‍ പരക്കുന്നൂ
ഇരുട്ടു വേവുന്ന
വെറും കണ്ണാല്‍ തപ്പി-
ത്തടഞ്ഞു മുന്നോട്ടു
പരതി നീന്തവെ
പറയുവാന്‍ വാക്കി-
ന്നൊലികളില്ലാതെ
വിറങ്ങലിച്ചൊരു
മുനമ്പിലെത്തുന്നു…