കുമാരസ്വാമി സര്‍ക്കാര്‍ നാളെ വിശ്വാസം തെളിയിക്കണം: ഗവര്‍ണര്‍

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിന്റെ കാര്യത്തില്‍ കുമാരസ്വാമി സര്‍ക്കാരിന് അന്ത്യശാസനം നല്‍കി കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് ഇക്കാര്യം നിര്‍ദേശിച്ച് ഗവര്‍ണര്‍ കത്ത് നല്‍കി.

വിശ്വാസവോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ല. സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് വ്യക്തമായെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഭരണപക്ഷവും ബിജെപിയും തമ്മില്‍ വാദപ്രതിവാദവും ബഹളവും രൂക്ഷമായതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. ഇതേതുടര്‍ന്ന് വോട്ടെടുപ്പ് നടക്കുന്നത് വരെ ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ തുടരുമെന്ന് ബി എസ് യെദ്യൂരപ്പയും വ്യക്തമാക്കിയിരുന്നു.

അതേസമയം ഗവര്‍ണറുടെ അന്ത്യശാസനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് നിയമസഭയുടെ കാര്യപരിപാടികളില്‍ ഇടപെടാന്‍ ആവില്ല. നിയമസഭ കാര്യോപദേശക സമിതി യോഗം ചേര്‍ന്നാണ് സഭാ നടപടികള്‍ തീരുമാനിക്കുന്നത്. സഭ നടപടികള്‍ നീട്ടാനും ചുരുക്കാനും അധികാരം സ്പീക്കര്‍ക്ക് മാത്രമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.