വിയ്യൂര്‍ ജയിലില്‍ ഋഷിരാജ് സിങിന്റെ മിന്നല്‍ സന്ദര്‍ശനം; ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തൃശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ ഡിജിപി ഋഷിരാജ് സിംങ് മിന്നല്‍ സന്ദര്‍ശനം നടത്തി.
തടവുകാരുടെ പരാതിയെത്തുടര്‍ന്ന് ഉദ്യോഗസ്ഥരില്‍ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്യുകയും 38 പേരെ സ്ഥലംമാറ്റുകയും ചെയ്തു.

രാവിലെ 10.30 മുതല്‍ 12 വരെയുള്ള സമയത്താണ് മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയ്യന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ജയില്‍ ഡിജിപി വിയ്യൂര്‍ ജില്ലാ ജയിലിലെ തടവുകാരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നു എന്ന് തടവുകാര്‍ വ്യാപകമായി ഡിജിപിയോട് പരാതിപ്പെട്ടു.

തുടര്‍ന്ന് അദ്ദേഹം ജയില്‍ ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് തേടുകയും വെല്‍ഫയര്‍ ഓഫിസര്‍മാരുടെ മൊഴിയെടുക്കുകയും ചെയ്തു. പരാതിയുടെയും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരെ അപ്പോള്‍ തന്നെ സസ്പെന്‍ഡ് ചെയ്തത്. മറ്റുള്ള എല്ലാ ഉദ്യോഗസ്ഥരെയും മറ്റ് ജില്ലകളിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.