യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; തലസ്ഥാനം യുദ്ധക്കളം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനെതിരെ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കെ.എസ്.യു സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.ജി റോഡ് ഉപരോധിക്കുകയാണ്. പ്രതിഷേധത്തില്‍ മാതൃഭൂമി ക്യാമറാമാനും പരിക്കേറ്റു. കോഴിക്കോട് പി.എസ്.സി ഓഫീസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗത്തിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഷഹബാസ്, അസ്‌കർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11.45 ഓടെ എരഞ്ഞിപ്പാലത്ത് നിന്നും ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷൻ രണ്ടാം കവാടത്തിലാണ് പൊലീസ് തടഞ്ഞത്. തുടർന്ന് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ കല്ലും ചെരിപ്പുകളും എറിഞ്ഞ പ്രവർത്തകരെ മുതിർന്ന നേതാക്കൾ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു.