ഹാജരാകാന്‍ ഒരു മാസത്തെ സമയം ആവശ്യപ്പെട്ട് വിമതര്‍; കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി

ബെംഗളൂരു:അനിശ്ചിതത്വത്തിലൂടെ ഇഴഞ്ഞു നീങ്ങുന്ന കര്‍ണാടകയെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തി വിമത എംഎല്‍എമാര്‍. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ, അയോഗ്യത വിഷയത്തില്‍ ഹാജരാകാന്‍ ഒരു മാസത്തെ സമയം വേണമെന്നാവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്തു നല്‍കി.

വിമത എംഎല്‍എമാരോട് ചൊവ്വാഴ്ച 11 മണിക്ക് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ എംഎല്‍എമാര്‍ മുംബൈയില്‍ തന്നെ തുടരുകയാണ്. ഇവര്‍ ബെംഗളൂരുവിലേയ്ക്ക് എത്തില്ലെന്നാണ് സൂചന. അയോഗ്യരാക്കപ്പെടുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്ന സാഹചര്യത്തിലാണ് വിമതര്‍ സമയം കൂടുതല്‍ നല്‍കണമെന്ന ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഈആവശ്യം സ്പീക്കര്‍ അനുവദിക്കാനിടയില്ല.

തങ്ങളുടെ വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ജെഡിഎസും നേരത്തെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സ്പീക്കര്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കുമെന്ന പരോക്ഷ മുന്നറിയിപ്പുമായി, എല്ലാവരോടും തന്നെ വന്ന് കാണാന്‍ നോട്ടീസയച്ചു. അയോഗ്യത സംബന്ധിച്ച് കോണ്‍ഗ്രസ് നല്‍കിയ നോട്ടീസില്‍ വിശദീകരണം നല്‍കാന്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വന്ന് കാണണമെന്നാണ് നോട്ടീസ്. എന്നാല്‍ 15 ദിവസമെങ്കിലും സമയം നല്‍കണമെന്ന് ചില വിമതര്‍ തിരികെ സ്പീക്കറോട് അപേക്ഷിച്ചു.

എന്നാല്‍ ചൊവ്വാഴ്ച തന്നെ വന്ന് കണ്ടേ തീരൂവെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇല്ലെങ്കില്‍ എംഎല്‍എമാര്‍ അയോഗ്യരാകും. കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് വിപ്പ് ലംഘിച്ചെന്ന് സ്പീക്കര്‍ കണ്ടെത്തി അയോഗ്യരാക്കിയാല്‍ അത് മിക്ക വിമത എംഎല്‍എമാരുടെയും രാഷ്ട്രീയ ഭാവിയുടെ അന്ത്യമാകും. അടുത്ത ആറ് വര്‍ഷത്തേക്ക് മത്സരിക്കാനാകില്ല.

അധികാരത്തില്‍ നിന്ന് താഴെപ്പോയാല്‍ വിമതരെ അയോഗ്യരാക്കിയിട്ടേ പോകൂ എന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ദള്‍ – കോണ്‍ഗ്രസ് നേതൃത്വങ്ങള്‍. ഇതിനിടെ, വിമത എംഎല്‍എമാരുടെ ഹര്‍ജി സുപ്രീംകോടതിയില്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാല്‍ ചൊവ്വാഴ്ച ഈ ഹര്‍ജി പരിഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പരിഗണനാപ്പട്ടികയില്‍ ആറാമതായാണ് ചൊവ്വാഴ്ച സുപ്രീംകോടതി ഈ ഹര്‍ജി ഉള്‍പ്പെടുത്തിയിരിക്കുന്നത്.