യുവാക്കള്‍ക്ക് ജോലിസംവരണം ഉറപ്പാക്കി ജഗന്‍ മോഹന്‍ സര്‍ക്കാര്‍

ഹൈദരാബാദ്: യുവാക്കള്‍ക്ക് ജോലിസംവരണം ഉറപ്പാക്കി ജഗന്‍ മോഹന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആന്ധ്രാപ്രദേശ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്സ് ഇന്‍ ഇന്‍ഡസ്ട്രീസ്/ഫാക്ടറീസ് ആക്ട്, 2019 എന്ന നിയമം പാസാക്കി. ഇതോടെ തദ്ദേശീയര്‍ക്ക് തൊഴിലുറപ്പ് പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറിക്കഴിഞ്ഞു.

വ്യവസായ യൂണിറ്റുകള്‍, ഫാക്ടറികള്‍, പൊതു-സ്വകാര്യ, കൂട്ടുസംരംഭക യൂണിറ്റുകള്‍ തുടങ്ങി എല്ലാ വ്യാവസായിക സംരംഭങ്ങളിലും സംവരണം നിലവില്‍ വരും. തൊഴിലിനാവശ്യമായ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത യുവാക്കള്‍ക്ക് അതിനുള്ള പരിശീലനം നല്‍കാനുള്ള പദ്ധതിയും പുതിയ നിയമത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവാക്കള്‍ക്കായി 1.33 ലക്ഷം ഗ്രാമീണ തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത മൂന്ന് കൊല്ലത്തിനുള്ളില്‍ ഇത്രയും യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജഗന്‍മോഹന്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. പുതിയ നിയമം നിലവില്‍ വരുന്നതോടെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് തദ്ദേശവാസികള്‍ക്ക് തൊഴിലവസരം നിഷേധിക്കുക അസാധ്യമാവും.