യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍; സുഹൃത്തായ സൈനികന്‍ ഒളിവില്‍

തിരുവനന്തപുരം: യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം. പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്പൂരിക്ക് അടുത്ത് തോട്ടുമുക്ക് എന്ന സ്ഥലത്ത് സുഹൃത്തിന്റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

രാഖിയെ കഴിഞ്ഞ ഒരുമാസമായി കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നു എന്ന വിവരം കിട്ടിയത്. അതെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

പക്ഷെ രാഖിയുടെ സുഹൃത്ത് അഖിലിനെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നാണ് വിവരം . പട്ടാളക്കാരന്‍ കൂടിയായ ഇയാള്‍ സ്ഥലത്തില്ലെന്നാണ് ബന്ധുക്കള്‍ നല്‍കിയ വിവരം.