മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണ്: ടി പി സെന്‍കുമാര്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടി പി സെന്‍കുമാര്‍. യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. കേരളത്തിലെ കലാലയങ്ങളെ ബാധിച്ചിരിക്കുന്ന ക്യാന്‍സറിന്റെ സൂചനയാണ് യൂണിവേഴ്സിറ്റി കോളേജിലെ സംഭവം. കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന ബോധത്തോടെ പിണറായി വിജയന്‍ പ്രവര്‍ത്തിക്കണമെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞു.

എസ് എഫ് ഐ ഫാസിസം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സാംസ്‌കാരിക നായകന്‍മാരും സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ ഫാസിസത്തിനെതിരേയാണ് ഉണര്‍വ് സാസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഏകദിന പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സൂചകമായി കലാകാരന്‍മാരുടെ നേതൃത്വത്തില്‍ പ്രതീകാത്മക ശില്പ നിര്‍മ്മാണവും സംഘടിപ്പിച്ചു. പ്രതിഷേധ ദിനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സംഗമം മുന്‍ സ്വാതന്ത്ര്യ സമര സേനാനി ടി ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.