മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പുതിയ സംഘടന, ബിസിസിഐ അംഗീകാരം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ക്ഷേമത്തിനും അവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനുമായി പുതിയ ക്രിക്കറ്റ് സംഘടന നിലവില്‍ വന്നു. ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ എന്ന പേരിലാണ് പുതിയ സംഘടന പ്രവര്‍ത്തിക്കുക.

ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന് ബിസിസിഐ അംഗീകാരവും നല്‍കി. ഇതാദ്യമായാണ് ബിസിസിഐ മറ്റൊരു കായിക സംഘടനയ്ക്ക് അംഗീകാരം നല്‍കുന്നത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ കപില്‍ദേവ്, അജിത്ത് അഗാര്‍ക്കര്‍, ശാന്ത രംഗസ്വാമി എന്നിവരാണ് നിലവില്‍ ഇതിന്റെ ചുമതലയിലുള്ളത്.

തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഈ താരങ്ങള്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്റെ ഡയറക്ടര്‍മാരായി തുടരും.
മുന്‍ താരങ്ങളുടെ ക്ഷേമപ്രവര്‍ത്തനമാണ് ഈ സംഘടന പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി പഴയ കളിക്കാര്‍ക്ക് എല്ലാമാസവും പെന്‍ഷന്‍ പോലെ തുക അനുവദിക്കും.