കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് പ്രിയങ്ക

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് സഹോദരന്‍ രാഹുല്‍ഗാന്ധി രാജിവെച്ച പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. നിലവിലെ ഉത്തരവാദിത്വത്തില്‍ പാര്‍ട്ടിയില്‍ സജീവമായി ഉണ്ടാകുമെന്നും പ്രിയങ്ക വ്യക്തമാക്കി. അദ്ധ്യക്ഷപദം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കളാണ് പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തിയത്. സൊന്‍ഭദ്ര കൂട്ടക്കൊലയിലെ ഇരകളെ സന്ദര്‍ശിക്കാനായി പ്രിയങ്ക നടത്തിയ ഇടപെടല്‍ ഈയിടെ രാജ്യശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കള്‍ അഭ്യര്‍ത്ഥനയുമായി 47കാരിക്ക് മുമ്പിലെത്തിയത്. നേരത്തെ, ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തു നിന്ന് ഒരാളെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാണ് നേരത്തെ രാഹുല്‍ ആവശ്യപ്പെട്ടിരുന്നത്.

നിലവില്‍ നേതൃപ്രതിസന്ധിയില്‍ ഉഴലുന്ന പാര്‍ട്ടിക്കു മുമ്പില്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇപ്പോള്‍ ഏഴു പേരുകളാണ് ഉള്ളത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ഷിന്‍ഡെ, ദിഗ് വിജയ് സിങ്, കുമാരി സെല്‍ജ, മുകുള്‍ വാസ്‌നിക്, സചിന്‍ പൈലറ്റ്, ജ്യോദിരാദിത്യ സിന്ധ്യ എന്നിവര്‍. ഇപ്പോള്‍ യു.എസിലുള്ള രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.