രാഖിയുടെ കഴുത്തില്‍ കയര്‍ കൊണ്ട് മുറുക്കിയത് അഖിലും രാഹുലും ചേര്‍ന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകക്കേസിലെ രണ്ടാം പ്രതി രാഹുലിനെ റിമാന്‍ഡ് ചെയ്തു. ആഗസ്റ്റ് ഒന്‍പത് വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്.

കൊല്ലപ്പെട്ട രാഖിയുടെ കഴുത്ത് ആദ്യം ഞെരിച്ചത് രാഹുലെന്നും കയര്‍ കൊണ്ട് മുറുക്കിയത് അഖിലും രാഹുലും ചേര്‍ന്നാണെന്നും കൊലപാതകത്തിന് പിന്നില്‍ കുറ്റകരമായ ഗൂഡാലോചന നടന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചത് അഖില്‍ വാട്‌സ് ആപ്പിലൂടെ രാഖിയെ അറിയിച്ചു. ആ വിവാഹം നടന്നാല്‍ സോഷ്യല്‍ മീഡിയ വഴി അഖിലിനെതിരെ പ്രചാരണം നടത്തുമെന്ന് രാഖി ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് മൂന്നു പ്രതികള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഖിയെ പ്രതികളുടെ വീട് കാണാന്‍ ക്ഷണിച്ചാണ് കാറില്‍ കയറ്റിയത്. കാറിന്റെ പിന്‍സീറ്റിലിരുന്ന രാഹുലാണ് ആദ്യം കഴുത്ത് ഞെരിച്ചത്. തുടര്‍ന്ന് അവശയായ രാഖിയെ ഡ്രൈവിംഗ് സീറ്റിലിരുന്ന അഖില്‍ പിന്‍ സീറ്റിലേക്ക് മാറി പ്ലാസ്റ്റിക് കയര്‍ കൊണ്ട് കഴുത്ത് വരിഞ്ഞു മുറുക്കി. രാഖി കൊല്ലപ്പെട്ടതോടെ നേരത്തെ തയാറാക്കിവച്ച കുഴിയില്‍ മൃതദേഹം മറവു ചെയ്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.