രാജ്യത്ത് സാധാരണക്കാരെ ഭീകരവാദികളാക്കി മുദ്രകുത്തുന്ന അവസ്ഥ: സച്ചിതാനന്ദന്‍

ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തരാവസ്ഥയ്‌ക്ക് സമാനമായ സാഹചര്യമെന്ന് കവി സച്ചിതാനന്ദന്‍. യു.എ.പി.എ, വിവരാവകാശ നിയമ ഭേദഗതിയിലൂടെ രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് വന്നു ചേര്‍ന്നിരിക്കുന്നതെന്നും ദളിതരും ആദിവാസികളും ന്യൂനപക്ഷ വിഭാഗങ്ങളും കേന്ദ്ര സര്‍ക്കാറിനു കീഴില്‍ വേട്ടയാടപ്പെടുകയാണെന്നും സച്ചിതാനന്ദന്‍ കുറ്റപ്പെടുത്തി.

അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള ലോകപ്രശസ്ത കലാകാരന്‍മാര്‍ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാകുന്നതില്‍ വലിയ ആശങ്കയുണ്ട്. ഇത്തരം ഹിംസകള്‍ സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റമാണ് ,സാധാരണക്കാരായ മനുഷ്യരെ ഭീകരവാദികളാക്കി മുദ്ര കുത്തുന്ന സമീപനമാണ് ഈ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.