ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു

വൈക്കം : ഒറ്റക്കമ്പിയില്‍ സംഗീത വിസ്മയം തീര്‍ത്ത് ആയിരങ്ങളുടെ കാതോരങ്ങള്‍ക്ക് കുളിര്‍മ പകര്‍ന്ന ഗായത്രി വീണയുടെ ഉപജ്ഞാതാവായ വിജി എന്ന വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം ബന്ധുക്കളുടെയും സംഗീതാസ്വാദകരുടെയും സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ 11-ന് ഉദയനാപുരം ഉഷാനിലയത്തില്‍ നടന്നു.

തൃശൂര്‍ കുന്നത്തുനാട് മഠത്തില്‍വാര്യത്ത് വിജയന്‍-രമണി ദമ്പതികളുടെ മകന്‍ സന്തോഷ് ആണ് വരന്‍. മാര്‍ച്ച് 29-ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ വിവാഹം നടക്കും.

ബാല്യം മുതല്‍ സംഗീതത്തില്‍ താല്‍പര്യം ജനിച്ച വിജയലക്ഷ്മി തമിഴ്പാട്ടുകള്‍ കേട്ട് താളം പിടിച്ച് കൈവരില്‍ തുമ്പുകള്‍ കൊണ്ട് മനസ്സില്‍ രാഗം പ്രതിഷ്ഠിക്കുകയായിരുന്നു. ഇളയരാജ, യേശുദാസ്, എം.എസ്. വിശ്വനാഥന്‍ എന്നിവരായിരുന്നു വിജിയുടെ പാട്ടിന്റെ കൂട്ടുകാര്‍. വിജയലക്ഷ്മിയുടെ ഗായത്രി വീണ നാദം പലരുടെയും കണ്ണുകള്‍ നനയിച്ചിട്ടുണ്ട്.

കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന സിനിമയില്‍ കാറ്റേ..കാറ്റേ.. പൂക്കാമരത്തിന്റെ പാട്ടും പാടി അപ്രതീക്ഷിതമായി സിനിമയിലേക്ക് കടന്നുവന്ന് കാറ്റായി മാറിയ ഗായികയാണ് വിജയലക്ഷ്മി. കണ്ണുകളില്‍ കെടാതെ കത്തിച്ചു വച്ച സംഗീത വെളിച്ചമായി മാറിയ വിജയലക്ഷ്മിക്ക് ഒരു സംഗീത കൂട്ടുകാരനെയാണ് ലഭിച്ചിരിക്കുന്നത് എന്നത് ദൈവനിശ്ചയമാകാം. സോപാന സംഗീതമാലപിക്കുന്ന സന്തോഷ് ഇപ്പോഴും ഒരു സോപാന വിദ്യാര്‍ത്ഥി കൂടിയാണ്. ദൈവീകത നിറഞ്ഞ ശബ്ദം എന്ന സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്റെ വാക്കുകള്‍ വിജിയുടെ മനസ്സിന്റെ വഴിക്കാട്ടിയാണ് ഇന്നും. വിവാഹ നിശ്ചയത്തില്‍ പെരിങ്ങോട്ട് ശങ്കരനാരായണന്‍ നമ്പൂതിരി, സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥ്, നടി കുളപ്പുള്ളി ലീല തുടങ്ങിയവര്‍ പങ്കെടുത്തു.