എന്‍.സി.പിയും മഹാരാഷ്ട്രയില്‍ കാവിയണിയുകയാണിപ്പോള്‍

നാഥനില്ലാ കോണ്‍ഗ്രസ്സ് മാത്രമല്ല, എന്‍.സി.പിയും മഹാരാഷ്ട്രയില്‍ കാവിയണിയുകയാണിപ്പോള്‍. ശരദ് പവാറിന്റെ ‘പവറി’നൊന്നും മഹാരാഷ്ട്രയിലെ കാവി മുന്നേറ്റത്തെ പിടിച്ച് നിര്‍ത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. പ്രതിപക്ഷ മഹാസഖ്യം എന്ന ആവശ്യം തള്ളി സി.പി.എമ്മിനെ ഉള്‍പ്പെടെ മാറ്റി നിര്‍ത്തിയ സഖ്യമാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധി നേരിടുന്നത്.

50 കോണ്‍ഗ്രസ്സ് – എന്‍.സി.പി എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ ചേരാന്‍ റെഡിയായിരിക്കുന്നത്. ഈ വിവരം പുറത്ത് വിട്ടത്ത് മന്ത്രി ഗിരീഷ് മഹാജനാണെങ്കിലും സംഭവം യാഥാര്‍ത്ഥ്യം തന്നെയാണ്. പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ തന്നെ കാവിയണിഞ്ഞ് നിലവില്‍ സംസ്ഥാന മന്ത്രിയായിരിക്കുകയാണ്. ഇതിന് ചുവട് പിടിച്ചാണ് മറ്റുള്ളവരും പോകാന്‍ ഒരുങ്ങുന്നത്.

മുതിര്‍ന്ന എന്‍.സി.പി നേതാവ് ചിത്ര വാഗ് അടുത്തയിടെയാണ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. എന്‍.സി.പി എം.എല്‍.എ വൈഭവ് പിച്ചാഡാവട്ടെ ഇതിനകം തന്നെ ബി.ജെ.പിയില്‍ ചേര്‍ന്നും കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പരമാവധി കോണ്‍ഗ്രസ്സ് – എന്‍.സി.പി എം.എല്‍.എമാരെ അടര്‍ത്തിമാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഭരണ വിരുദ്ധ വികാരം എതിരാവാതിരിക്കാനാണ് ഈ നീക്കം.

മഹാരാഷ്ട്ര സര്‍ക്കാരിനെ വെള്ളം കുടുപ്പിച്ച കര്‍ഷകസമരമാണ് ബി.ജെ.പിയെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു ഘടകം.
കര്‍ഷക സമരം വഴി കരുത്താര്‍ജിച്ച കിസാന്‍ സഭ നേതാക്കള്‍ ചില മേഖലകളില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.സി.പി.എം കിസാന്‍ സഭ നേതാക്കളെ മത്സരത്തിനിറക്കാന്‍ സാധ്യത കൂടുതലുമാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞ സാഹചര്യമല്ല കാവിപ്പടക്ക് നിയമസഭ തിരഞ്ഞെടുപ്പിലുള്ളത്. ഇക്കാര്യം ബി.ജെ.പി ഘടക കക്ഷിയായ ശിവസേനയും അംഗീകരിക്കുന്നുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികള്‍ മഹാസഖ്യമായി മത്സരിക്കാനുള്ള സാധ്യതയാണ് ഭരണപക്ഷം ഇവിടെ കാണുന്നത്. പ്രതിപക്ഷ എം.എല്‍.എമാരെ അടര്‍ത്തിമാറ്റുന്ന ബി.ജെ.പി നിലപാട് അത്തരമൊരു യോജിപ്പിലേക്കാണ് പ്രതിപക്ഷത്തെ കൊണ്ടു പോകുന്നത്. കോണ്‍ഗ്രസ്സും – എന്‍.സി.പിയും പിടിവാശി തുടര്‍ന്നില്ലങ്കില്‍ സഖ്യം സാധ്യമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പറ്റിയ പിഴവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം തിരുത്തുമോ എന്നതാണ് ഇടത് കക്ഷികളും ഉറ്റുനോക്കുന്നത്.

ബി.ജെ.പിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാല്‍ മുഖ്യമന്ത്രി പദം കൊടുക്കേണ്ടി വരുമെന്നതിനാല്‍ ശിവസേന ചില മണ്ഡലങ്ങളില്‍ കാലുവാരാനുള്ള സാധ്യതയും നിലവിലുണ്ട്. ബി.ജെ.പി തിരിച്ചും ഈ മാര്‍ഗം സ്വീകരിച്ചാല്‍ അത് പ്രതിപക്ഷത്തിനാണ് ഏറെ ഗുണം ചെയ്യുക.

ഒന്നാം മോദി സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകരായിരുന്ന ശിവസേനയിപ്പോള്‍ ഒന്നും മിണ്ടാതെ സഹിച്ചിരിക്കുകയാണ്. ഒറ്റക്ക് ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. കേന്ദ്ര മന്ത്രിസഭയില്‍ വലിയ പ്രാധാന്യമൊന്നും നിലവില്‍ ഒരു ഘടകകക്ഷിക്കും ബി.ജെ.പി നല്‍കിയിട്ടില്ല. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മോദി തന്നെ ശിവസേനയെ ഒതുക്കാനിറങ്ങാനുള്ള സാധ്യതയും കൂടുതലാണ്.ഇതും ശിവസേന നേതൃത്വം മുന്‍കൂട്ടി കാണുന്നുണ്ട്.

മഹാരാഷ്ട്രയില്‍ ശിവസേനയുടെ തണല്‍ പറ്റി നിന്ന ബി.ജെ.പിയുടെ നിഴലായി ഒടുവില്‍ ശിവസേനക്ക് തന്നെ മാറേണ്ടിവന്നതില്‍ ഉദ്ധവ് താക്കറെയും ഏറെ അസ്വസ്ഥനാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ പിടിച്ചു വാങ്ങി കരുത്ത് തെളിയിക്കണമെന്ന നിര്‍ദേശമാണ് അദ്ദേഹം അണികള്‍ക്ക് നല്‍കിയിരിക്കുന്നത്.

അതേസമയം കര്‍ണ്ണാടക, ഗോവ മോഡലുകള്‍ മഹാരാഷ്ട്രയിലും ആവര്‍ത്തിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനേയും പരിഭ്രാന്തരാക്കിയിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കള്‍ നിരന്തരം സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. ബി.ജെ.പിയില്‍ ചേക്കേറിയ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ നേതൃത്വത്തിലാണ് എം.എല്‍.എമാരെ പിളര്‍ത്താന്‍ ശ്രമം നടക്കുന്നത്. എന്‍.സി.പി എം.എല്‍.എമാരെ കൂറ്മാറ്റാന്‍ പ്രേരിപ്പിക്കുന്നതും ഇദ്ദേഹമാണെന്നാണ് ആക്ഷേപം.

മുങ്ങുന്ന കപ്പലില്‍ ഇനി നിന്നിട്ട് കാര്യമില്ലന്ന സന്ദേശമാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി നല്‍കുന്നത്. ദേശീയ അദ്ധ്യക്ഷന്‍ പോലുമില്ലാത്ത പ്രതിസന്ധിയെ കോണ്‍ഗ്രസ്സ് അഭിമുഖീകരിക്കുന്നതും സ്ഥിതി വഷളാക്കിയിട്ടുണ്ട്. ബി.ജെ.പി ഇത് ശരിക്കും ഉപയോഗപ്പെടുത്തുകയാണ്.

‘ഇന്നത്തെ കോണ്‍ഗ്രസ്സ് നാളെ ബി.ജെ.പിയാണെന്ന’ കമ്യൂണിസ്റ്റുകളുടെ പരിഹാസമാണ് ഇവിടെ യാഥാര്‍ത്ഥ്യമായി കൊണ്ടിരിക്കുന്നത്. അയല്‍ സംസ്ഥാനമായ ഗോവയിലെ 15 കോണ്‍ഗ്രസ്സ് എം.എല്‍.എമാരില്‍ 10 പേരും ബി.ജെ.പിയിലേക്ക് മാറിയതും മഹാരാഷ്ട്ര നേതാക്കളെയും സ്വാധീനിച്ചിട്ടുണ്ട്. കൂറ് മാറി വരുന്നവര്‍ക്ക് ഉന്നത പദവികളാണ് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നത്.

2014ലെ തിരഞ്ഞെടുപ്പില്‍ 288 സീറ്റില്‍ ബി.ജെ.പി 122 സീറ്റിലാണ് വിജയിച്ചിരുന്നത്. ശിവസേന 63 സീറ്റില്‍ ഒതുങ്ങിപ്പോയിരുന്നു. 41 ഉം 42 ഉം സീറ്റുകള്‍ വീതമാണ് കോണ്‍ഗ്രസ്സും എന്‍.സി.പിയും നേടിയിരുന്നത്. ഇത്തവണ ഒറ്റക്ക് മത്സരിച്ച് ഭരണം പിടിക്കാന്‍ കഴിയുമോ എന്നാണ് ബി.ജെ.പി നോക്കുന്നത്. അതിനു വേണ്ടിയാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ വലവീശി പിടിക്കുന്നത്.

ശിവസേനയും ഈ അപകടം മുന്നില്‍ കണ്ടാണ് കരുക്കള്‍ നീക്കുന്നത്.എന്‍.സി.പി മുംബൈ യൂണിറ്റ് അദ്ധ്യക്ഷനെ അടുത്തയിടെ ശിവസേനയില്‍ ചേര്‍ത്തതും പുതിയ തന്ത്രത്തിന്റെ ഭാഗമാണ്. സെപ്തംബറിലാണ് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന ഈ സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുക എന്നത് ബിജെപിയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇവിടെ പിഴച്ചാല്‍ അവരുടെ സകല കണക്ക്ക്കൂട്ടലുകളും തകര്‍ന്നടിയും.