അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഭക്തി നിര്‍ഭരമായ തുടക്കം

 മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാലസ്: ആകമാന സുറിയാനി സഭയുടെ കീഴിലുള്ള അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 33–ാം കുടുംബമേളക്ക് തുടക്കമായി.ഡാലസ് ഷെരാട്ടന്‍ ഹോട്ടലില്‍ ജൂലൈ 25 മുതല്‍ 28 വരെ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തി നടത്തുന്ന ഈ വര്‍ഷത്തെ കുടുംബ സംഗമത്തിന് ഭദ്രാസനാധിപന്‍ യല്‍ദൊ മോര്‍ തീത്തോസ് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.

കുടുംബ മേളയുടെ വിശിഷ്ടാതിഥി, മലങ്കര സഭയുടെ അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഏലിയാസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്താ, മുഖ്യ പ്രഭാഷന്‍, മലങ്കര സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച് പ്രസിഡന്റ് , വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് മോഡറേറ്റര്‍ എന്നീ നിലകളില്‍ പ്രശംസനീയമാംവിധം സേവനമനുഷ്ഠിക്കുന്നതുമായ ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്താ, യൂത്ത് സ്പീക്കര്‍ റവ. ഫാ. സ്റ്റീഫന്‍ പവലി, ഡോ. ഫിലിപ്പ് മാമലാകിസ്സ് തുടങ്ങിയ വിശിഷ്ടാതിഥികളും വന്ദ്യ വൈദികരും നൂറു കണക്കിന് വിശ്വാസികളും സന്നിഹിതരായിരുന്നു.

സമൃദ്ധമായ ജീവന്റെ ആഘോഷം ഓര്‍ത്തഡോക്‌സ് കാഴ്ചപ്പാടില്‍ എന്നതാണ് ഈ വര്‍ഷത്തെ പ്രധാന ചിന്താവിഷയം.കാനഡായിലേയും അമേരിക്കയിലെയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറു കണക്കിന് സഭാ വിശ്വാസികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സഭാ അംഗങ്ങളുടെ ആത്മീയ ഉന്നമനത്തോടൊപ്പം തന്നെ, പരസ്പര സ്‌നേഹവും സഹകരണവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന കുടുംബ മേളക്ക് ഞായറാഴ്ച വി. കുര്‍ബാനയോടെ സമാപനമാകും. അമേരിക്കന്‍ മലങ്കര ആര്‍ച്ച് ഡയോസിസ് പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

Picture2

Picture3