മുന്‍മന്ത്രി വി.എസ്. ശിവകുമാറിന്റെ സഹോദരനെതിരെ വിജിലന്‍സ് അന്വേഷണം 

മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്.ശിവകുമാറിന്‍റെ സഹോദരന്‍ വി.എസ്. ജയകുമാര്‍ ശബരിമലയില്‍ കോടികളുടെ അഴമതി നടത്തിയെന്ന് ആരോപണം

വിജിലന്‍സ് അന്വേഷണം ആരംഭിച്ചു 

10 വര്‍ഷത്തെ സ്വത്ത് സമ്പാദനത്തെക്കുറിച്ചാണ് ത്വരിതാന്വേഷണം 

ശബരിമലയിലെ കട ലേലം ചെയ്തതിലും ക്രമക്കേട് 

തിരുവനന്തപുരം : മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന്റെ സഹോദരനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയുമായ വി.എസ്. ജയകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വി.എസ്. ശിവകുമാര്‍ ആരോഗ്യം, ദേവസ്വം വകുപ്പുകാണ് കൈകാര്യം ചെയ്തിരുന്നത്.

ശബരിമലയിലെ കട ലേലത്തിലെ ക്രമക്കേടുകളുമായും അനധികൃത സ്വത്ത് സമ്പാദനവുമായും ബന്ധപ്പെട്ടാണ് ത്വരിത അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ജയകുമാറിനുണ്ടായ സ്വത്തുക്കളുടെ വിവരങ്ങളാണ് അന്വേഷിക്കുന്നത്. ശബരിമലയിലെ 2009 മുതല്‍ 2011 വരെയുള്ള കാലയളവിലെ ശബരിമലയില്‍ കടകള്‍ ലേലത്തിനു നല്‍കിയതാണ് പരിശോധിക്കുന്നത്.

ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ദേവസ്വം ബോര്‍ഡിനോട് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാന്‍ നേരത്തെ ദേവസ്വം വകുപ്പ് തയ്യാറായിരുന്നില്ല. ദേവസ്വം കമ്മീഷണര്‍ക്കാണ് വിജിലന്‍സ് ഇപ്പോള്‍ കത്തു നല്‍കിയിരിക്കുന്നത്.

ജയകുമാറിന്റെ നിയമന ഉത്തരവ് ഡ്യൂട്ടിയില്‍ പ്രവേശിച്ച ദിവസം, ദേവസ്വം ബോര്‍ഡ് ഓഫീസിലെ സീനിയോറിറ്റി പട്ടിക തുടങ്ങിയവ അടക്കമുള്ള വിവരങ്ങളാണ് വിജിലന്‍സ് തേടിയിരിക്കുന്നത്.

പമ്പയിലും ശബരിമലയിലും മണ്ഡല മകരവിളക്കു കാലത്ത് കടകള്‍ ലേലം ചെയ്തു കൊടുക്കുന്നതില്‍ ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ടായിരുന്നു. 2009-2011 കാലത്ത് ലേലത്തില്‍ നല്‍കിയ കടകളുടെ പട്ടിക കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. ലേലം നടന്ന ശേഷം അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ സ്ഥലം ഉപയോഗിക്കാന്‍ രഹസ്യമായി അനുമതി നല്‍കിയതായും ആക്ഷേപമുണ്ട്.

ബോര്‍ഡിന്റെ വടക്കന്‍ പറവൂര്‍ ഗ്രൂപ്പില്‍ ഫിനാന്‍സ് അക്കൗണ്ട്‌സ് ഓഫീസറായിരുന്ന 2011-12 കാലയളവില്‍ നടന്ന കട ലേലങ്ങളുടെ വിശദാംശങ്ങളും വിജിലന്‍സ് തേടിയിട്ടുണ്ട്.

ദേവസ്വം ബോര്‍ഡില്‍ വാര്‍ഷിക ഇന്‍ക്രിമെന്റു കൂടാതെ മറ്റെന്തെങ്കിലും ആനുകൂല്യങ്ങള്‍ ജീവനകാര്‍ക്ക് നല്‍കിയിട്ടുണ്ടോ എന്ന സംശയത്തിനും മറുപടി നല്‍കേണ്ടി വരും.