കാശ്മീർ വിഭജനം; നോട്ട് നിരോധനത്തിന് തുല്ല്യം: ശശി തരൂര്‍

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ഭരണഘടനയ്‌ക്കും ഇന്ത്യയെന്ന ആശയത്തിനും നേരെയുള്ള ആക്രമണമാണെന്ന് ശശി തരൂര്‍ എംപി. ജമ്മു കശ്മീരിലെ ഓരോ പൗരന്റേയും വ്യക്തിസ്വാതന്ത്രത്തിന് മേലുള്ള ആക്രമണമാണിത്. അതിനാല്‍ നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരെയുള്ള ആക്രമണമാണിതെന്നും ശശീ തരൂർ ലോക്‌സഭയില്‍ പറഞ്ഞു. നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധരെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ജമ്മു കശ്മീരിലെ ജനങ്ങളോടോ ജനപ്രതിനിധികളോടോ ചോദിക്കാതെയുള്ള നടപടിയിലൂടെ കശ്മീര്‍ ജനതയും ഇന്ത്യയും തമ്മിലുള്ള ഭരണഘടനപരമായ അടിസ്ഥാന ബന്ധം തന്നെ സര്‍ക്കാര്‍ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഇത് ഹൃദയഭേദകമായ വഞ്ചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട്‌നിരോധനത്തിന് തുല്യമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി. ആ നീക്കത്തിന്റെ ആഘാതം രാജ്യം ഇന്നും നേരിടുന്നുണ്ട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ തന്നെ വിനോദ സഞ്ചാര മേഖലയില്‍ ആഘാതം ഏറ്റിട്ടുണ്ടെന്നും ഇത് കൂടുതല്‍ രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.