2020 ഫോമാ കണ്‍വെന്‍ഷന്‍ ജൂലൈ 6 മുതല്‍ 10 വരെ

ഹ്യൂസ്റ്റന്‍: അമേരിക്കന്‍ മലയാളികളുടെ സംഘചേതന ആയ ഫോമാ 2018 2020 കാലഘട്ടത്തിന് തിരശ്ശീല വീഴുന്നതിനു ഒരുവര്‍ഷം ബാക്കിനില്‍ക്കെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികളുടെ മാത്രമല്ല ലോകത്താകമാനമുള്ള മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഭവന നിര്‍മ്മാണം, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, സ്‌കോളര്‍ഷിപ്പ് എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ കര്‍മ്മനിരതമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മലയാളി മക്കളുടെ മനസ്സില്‍ നിറമുള്ള ഓര്‍മ്മകള്‍ മാത്രം ബാക്കി നിര്‍ത്തി കേരളത്തില്‍ സംഘടിപ്പിച്ച കേരള കണ്‍വെന്‍ഷനും ഭാവങ്ങളുടെ താക്കോല്‍ദാനവും കേരളം സര്‍ക്കാരിന്റെ കൂടി പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. തുടര്‍ന്ന് ഇനിയും ബാക്കിയുള്ള ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ പണിപ്പുരയിലാണ് ഏകദേശം 53 ഓളം പേരടങ്ങുന്ന ഫോമാ കമ്മിറ്റിയും കൂടാതെ മറ്റുള്ള സബ് കമ്മിറ്റികളും, ഫോമയുടെ നേതാക്കന്മാരും മറ്റു അഭ്യുദയകാംക്ഷികളും. ഇനി യുവജനോത്സവങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഒരു കലാശക്കൊട്ട് ആയി പരിഗണിക്കുന്ന ഫോമയുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ റോയല്‍ കരീബിയന്‍ ആഡംബര കപ്പലില്‍ ആണ് നടത്തുന്നത്. 2020 ജൂലൈ 6നു ഹ്യൂസ്റ്റണിലെ ഗാല്‍വസ്റ്റണില്‍ നിന്നും പുറപ്പെടുന്ന ഈ കപ്പലില്‍ അഞ്ചു പകലും നാലു രാത്രിയും വിവിധ പരിപാടികളോടെ
കുടുംബസമേതം ചെലവിടാന്‍ പറ്റുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. കേരളീയ തനിമയോടെ കൂടിയുള്ള വിനോദ പരിപാടികളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള പരിപാടികളും കോര്‍ത്തിണക്കി ഒരു കുടുംബസമേതമുള്ള വെക്കേഷന്‍ പാക്കേജ് ആണ് ഇത്തവണത്തെ ഫോമാ കണ്‍വെന്‍ഷന്‍ എന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ആയ ബിജു തോമസ് അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ പതിനൊന്നാം തീയതി ചേര്‍ന്ന് ഫോമായുടെ നാഷണല്‍ കമ്മിറ്റി യോഗം കപ്പലില്‍ ഒരു കണ്‍വെന്‍ഷന്‍ എന്ന ആശയത്തെ സ്വാഗതം ചെയ്യുകയും സാധാരണയായി നാലുദിവസം നടത്താറുള്ള കണ്‍വെന്‍ഷന്‍ അഞ്ചുദിവസമായി കൂട്ടുമ്പോള്‍ ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാം ആവേശഭരിതരാണ്. കപ്പലില്‍ ഒരു കണ്‍വെന്‍ഷന്‍ എന്ന ആശയത്തിനു എല്ലാ വിധ പിന്തുണയും നല്‍കിയ ഫോമാ നാഷണല്‍ കമ്മിറ്റി അംഗങ്ങളോടും ഫോമയുടെ സുഹൃത്തുക്കളോടും ഉള്ള നന്ദി പ്രസിഡണ്ട് ഫിലിപ് ചാമത്തില്‍ അറിയിച്ചു. കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഓണ്‍ലൈനിലൂടെയും അല്ലാതെയുമുള്ള സാങ്കേതികമായ ആയ കാര്യങ്ങള്‍ ഭംഗിയായി പുരോഗമിക്കുന്നതായി ജനറല്‍ സെക്രട്ടറി ജോസ് അബ്രഹാം അറിയിച്ചു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് എത്രയും വേഗം കണ്‍വെന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങണമെന്ന് ട്രഷറര്‍ ഷിനു ജോസഫ് എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. 2018 2020 കമ്മിറ്റി ഒരുക്കുന്ന ഈ ക്രൂസ് കണ്‍വെന്‍ഷന്റെ വിജയത്തിനായി അമേരിക്കന്‍ മലയാളികള്‍ മാത്രമല്ല ഫോമായെ സ്‌നേഹിക്കുന്ന ലോകത്തുള്ള എല്ലാ അഭ്യുദയകാംക്ഷികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്ഥിക്കുന്നതായി വൈസ് പ്രസിഡണ്ട് വിന്‍സെന്റ് ബോസ് മാത്യു ജോയിന്‍ സെക്രട്ടറി സാജു ജോസഫ് ജോയിന്‍ ട്രഷറര്‍ ജയന്‍ കണ്ണച്ചന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.