ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കും;കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഛത്തീസ്ഗഡ് മേഖലയിലേക്കാണ് എത്തിയത്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതോടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്, ആലപ്പുഴ മുതല്‍ വടക്കോട്ട് ഉള്ള ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മലപ്പുറം മുതല്‍ വടക്കോട്ട് ഉള്ള ജില്ലകളിലായിരിക്കും ശക്തമായ മഴയ്ക്ക് സാധ്യത.

മറ്റന്നാള്‍ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും രണ്ട് ദിവസം കൂടി ന്യൂനമര്‍ദ്ദം മൂലമുള്ള മഴ തുടരുമെന്നുമാണ് സൂചന. കേരള-കര്‍ണാടക തീരത്ത് ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടതായും മണിക്കൂറില്‍ നാല്‍പ്പത് മുതല്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

വരും വര്‍ഷങ്ങളിലും ഇതുപോലെ മഴ തുടരാന്‍ ഇടയുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വടക്കന്‍ കേരളത്തില്‍ മഴ കനത്തതോടെ കണ്ണൂര്‍ ,കോഴിക്കോട്, മലപ്പുറം, ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ മൂന്നു ജില്ലകളില്‍ വ്യാഴാഴ്ചയും ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ 20 സെന്റിമീറ്ററിന് മുകളില്‍ മഴ പെയ്യാനുള്ള സാധ്യത ഉള്ളത്.

ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും, ഒരു ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം ജില്ലയിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

മഴ കനത്തതോടെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ ഇന്ന് അവധിയും പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരില്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.

മഴ ശക്തമായെങ്കിലും സംസ്ഥാനത്ത് ഡാമുകളുടെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്ന നിലയിലല്ല. മുന്‍കരുതലെന്നോണം നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതം തുറന്നു. 18 ഡാമുകളുടെ ഷട്ടറുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്.

ജാഗ്രതാനിര്‍ദ്ദേശത്തിന്റെ ഭാഗമായി മണ്ണിടിച്ചില്‍ ഭീഷണിയുളള മേഖലകളില്‍ നിന്നും കൂടുതല്‍ പേരെ ക്യാംപുകളിലേക്ക് മാറ്റും. സംസ്ഥാനത്ത് രണ്ടര ലക്ഷം പേരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്നത്. 838 വീടുകള്‍ പൂര്‍ണമായും 8718 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ദുരിതബാധിതര്‍ക്കുളള ധനസഹായം ഇന്ന് മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രളയത്തില്‍ മരണം സംഭവിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപയും, മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ധനസഹായം നല്‍കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. ദുരിതബാധിതരുടെ പട്ടിക ഉടനെ തയ്യാറാക്കണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഴക്കെടുതി ദുരിതാശ്വാസ സഹായം കുറ്റമറ്റ രീതിയില്‍ എല്ലാവരിലേക്കും എത്തിക്കണമെന്നാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. അടിയന്തര സഹായമെന്ന നിലയില്‍ പതിനായിരം രൂപ വീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ധനസഹായ വിതരണത്തിന് ശേഷം പരാതികളും ആക്ഷേപങ്ങളും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ